ഒറ്റനോട്ടത്തിൽ: ഉമ്മൻചാണ്ടി, കർണാടക, ജെ.ഡി.എസ്, ഐ.പി.എൽ
May 16, 2018, 8:06 pm

1. സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അന്തസത്ത ഇല്ലാതായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സരിതയുടെ കത്ത് പോയതോടെ എല്ലാം കഴിഞ്ഞുവെന്നും ആക്ഷേപങ്ങൾ അവസാനിച്ചുവെന്നും ഉമ്മൻചാണ്ടി. കുറ്റക്കാരൻ അല്ലെന്ന് തെളിയിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ആ നിലപാടിന്റെ വിജയമാണ് ഹൈക്കോടതി വിധി. സോളാർ കമ്മിഷൻ റിപ്പോർട്ടിനെ ഇടത് സർക്കാർ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും ഉമ്മൻചാണ്ടി ചെങ്ങന്നൂരിൽ മാദ്ധ്യമങ്ങളോട്.

2. കെ.എം മാണിക്ക് യു.ഡി.എഫിലെത്താൻ തടസമില്ലെന്നും ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഐക്യ ശ്രമത്തിന് തനിക്ക് വ്യക്തിപരമായി പരിമിതിയുണ്ട്. മാണി തിരികെ എത്തുമെന്നാണ് പ്രീതീക്ഷയെന്നും ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പ് പര്യടനത്തിൽ വ്യക്തമാക്കി. അതേസമയം, സോളാർ കേസിൽ ഹൈക്കോടതി നടപടിയിൽ വീണ്ടും നിയമോപദേശം തേടാൻ സർക്കാർ തീരുമാനം. നിയമോപദേശം തേടുന്നത്, കമ്മിഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്ത് ഹൈക്കോടതി നീക്കിയ സാഹചര്യത്തിൽ.

3. അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമ ഉപദേശം ലഭിച്ച ശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. കമ്മിഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്, ഉമ്മൻചാണ്ടി നൽകിയ ഹർജിയിൽ. കത്തിൽ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്നും കോടതി.

4. കർണാടകയിൽ അധികാരം പിടിക്കാൻ അണിയറ നീക്കങ്ങൾ സജീവം. 117 എം.എൽ.എമാർ ഒപ്പമുണ്ടെന്ന് കോൺഗ്രസ് ജെ.ഡി.എസ് സഖ്യത്തിന്റെ അവകാശവാദം. കുതിരക്കച്ചവടത്തിന് വഴി ഒരുങ്ങിയ സാഹചര്യത്തിൽ കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിൽ നിന്ന് മാറ്റുന്നു. 74 എം.എൽ.എമാരെ ബിഡദിയിലെ റിസോർട്ടിലേക്ക് മാറ്റുന്നത് കുതിരക്കച്ചവടത്തിന് കളം ഒരുങ്ങിയ സാഹചര്യത്തിൽ. രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട ജെ.ഡി.എസ് നേതാവ് കുമാര സ്വാമി 117 എം.എൽ.എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് ഗവർണർക്ക് കൈമാറി.

5. അതേസമയം, എം.എൽ.എമാരെ ഗവർണർക്ക് മുന്നിൽ ഹാജരാക്കാനുള്ള കോൺഗ്രസ് ജെ.ഡി.എസ് നീക്കം ഫലിച്ചില്ല. അതേതുടർന്ന് രാജ്ഭവന് മുന്നിൽ ജെ.ഡി.എസ് അംഗങ്ങൾ പ്രതിഷേധിച്ചു. സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതൃത്വം. ബി.ജെ.പിയുമായി സഖ്യത്തിന് ഇല്ലെന്നും കർണാടകയിൽ സർക്കാർ ഉണ്ടാക്കാം എന്നത് മോദിയുടെ വ്യാമോഹം എന്നും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാര സ്വാമിയുടെ പ്രതികരണം. തീരുമാനം പിന്നീട് അറിയിക്കാമെന്ന് ഗവർണർ പറഞ്ഞതായി രാജ്ഭവനിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ പരമേശ്വര.

6. കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ കുതിരക്കച്ചവവുമായി ബി.ജെ.പിയും കോൺഗ്രസും. ബി.ജെ.പി നടത്തുന്നത്, കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാരെ രാജിവയ്പ്പിക്കാനുള്ള ശ്രമം. സ്വതന്ത്ര എം.എൽ.എയുടെ പിന്തുണ ഉറപ്പാക്കിയ ബി.ജെ.പി സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായി സൂചന. നാളെ ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ എന്ന് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് യെദ്യൂരപ്പയുടെ സന്ദേശം.

7. ബി.ജെ.പി സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുന്നത്, സർക്കാർ ഉണ്ടാക്കാൻ ഗവർണർ ക്ഷണിക്കുമെന്ന സൂചനയെ തുടർന്ന്. അതേസമയം, ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് മറുപടിയുമായി കോൺഗ്രസും. ആറ് ബി.ജെ.പി എം.എൽ.എമാരെ കോൺഗ്രസ് ക്യാമ്പിൽ എത്തിക്കാൻ നീക്കം. ഡി.കെ.ശിവകുമാർ നേതാക്കളുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായി വിവരം.

8. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ, ജെ.ഡി.എസ് വിളിച്ചു ചേർത്ത യോഗത്തിൽ എച്ച്.ഡി കുമാരസ്വാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ബി.ജെ.പി കർണാടകയിൽ കുതിരക്കച്ചവടം നടത്തുന്നു എന്ന് കുമാരസ്വാമി. ജെ.ഡി.എസ് എം.എൽ.എമാർക്ക് ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്തു. കോൺഗ്രസുമായുള്ള സഖ്യത്തിൽ ഉറച്ചു നിൽക്കുന്നു എന്നും ജെ.ഡി.എസിന്റെ അംഗബലം ഗവർണറെ ബോധ്യപ്പെടുത്തും എന്നും പ്രതികരണം.

9. ഐ.പി.എല്ലിൽ ഇന്ന് മരണപ്പോരാട്ടം. പ്‌ളേഓഫ് സാധ്യത നിലനിറുത്താൻ ജയം അനിവാര്യമായ മത്സരത്തിൽ മുംബയ്യുടെ എതിരാളികൾ കിംഗ്‌സ് ഇലവൻ പഞ്ചാബ്. മത്സരം രാത്രി എട്ടിന് മുംബയിൽ. പോയിന്റ് ടേബിളിൽ അഞ്ചാമതുള്ള കിംഗ്‌സ് ഇലവനും ആറാം സ്ഥാനത്തുള്ള മുംബയ്ക്കും ഇന്നത്തെ മത്സരം നിർണായകം. ടൂർണമെന്റിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം മുംബയ്ക്ക് ഒപ്പമായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ