അഭ്യൂഹങ്ങൾക്ക് വിട, ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് ഗവർണർ, നാളെ സത്യപ്രതിജ്ഞ
May 16, 2018, 9:45 pm
ബംഗളൂരു: ബി.ജെ.പി നേതാവ് ബി.എസ്.യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ കർണാടക ഗവർണർ വാജുഭായ് വാല ഔദ്യോഗികമായി ക്ഷണിച്ചു. യെദിയൂരപ്പ വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിക്ക് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവർണറുടെ ഓഫീസിൽ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് ബി.ജെ.പി നേതാക്കൾക്ക് ലഭിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസവും അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാർ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.അതേസമയം, ഗവർണറുടെ തീരുമാനത്തിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം.

ഗോവയിലെയും മണിപ്പൂരിലെയും നടപടികളും നിയമോപദേശവും പരിഗണിച്ച ശേഷമേ സർക്കാരുണ്ടാക്കാൻ ഏതെങ്കിലും പാർട്ടിയെ ക്ഷണിക്കൂ എന്നാണ് ജനതാദൾ നേതാവ് കുമാരസ്വാമിക്ക് ഗവർണർ ഉറപ്പ് നൽകിയത്. എന്നാൽ ഇതിനിടെ ഗവർണർ തങ്ങളെ ക്ഷണിച്ചുവെന്ന് നാടകീയമായി ബി.ജെ.പി നേതാക്കൾ വെളിപ്പെടുത്തിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിയെ ക്ഷണിച്ച് കൊണ്ട് ഗവർണറുടെ ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നത്.

ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ഹർജി നൽകാൻ കോൺഗ്രസ് നേതാക്കൾ പുറപ്പെട്ടിട്ടുണ്ട്. എന്നാൽ കോടതിയുടെ ഇടപെടൽ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് ഗവർണർ സ്വീകരിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. നാളെ രാവിലെ 10.30ന് മാത്രമേ കോടതി നടപടിക്രമങ്ങൾ തുടങ്ങുകയുള്ളൂ. ഇതിന് മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം. ഇതിന് ഗവർണർ കൂട്ടുനിന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കോൺഗ്രസ് ആരോപിച്ചു.

അതിനിടെ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോൺഗ്രസ് എം.എൽ.എമാരെ മുഴുവൻ ബംഗളൂരുവിലെ ആഢംബര ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ