ജിയോജിത്തിന്റെ ലാഭം 26 ശതമാനം കുതിച്ചു
May 17, 2018, 6:06 am
കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദമായ ജനുവരി - മാർച്ചിൽ 26 ശതമാനം കുതിപ്പോടെ 19.28 കോടി രൂപയുടെ ലാഭം നേടി. 15 കോടി രൂപയായിരുന്നു മുൻവർഷത്തെ സമാനപാദത്തിലെ ലാഭം. വരുമാനം 79 കോടി രൂപയിൽ നിന്ന് 20 ശതമാനം വർദ്ധിച്ച് 95.66 കോടി രൂപയിലുമെത്തി. ജനുവരി - മാർച്ചിൽ നികുതി മുമ്പുള്ള ലാഭം 30 കോടി രൂപയാണ്. വർദ്ധന 21 ശതമാനം. 2016-17ലെ സമാനപാദത്തിൽ ഇത് 24 കോടി രൂപയായിരുന്നു.
സാമ്പത്തിക വർഷത്തെ മൊത്തം ലാഭം 56 കോടി രൂപയിൽ നിന്ന് 31 ശതമാനം ഉയർ‌ന്ന് 73.24 കോടി രൂപയായി. നികുതിക്ക് മുമ്പുള്ള ലാഭത്തിൽ 26 ശതമാനം വർദ്ധനയുണ്ട്. 91 കോടി രൂപയിൽ നിന്ന് 115 കോടി രൂപയിലേക്കാണ് ഇതുയർന്നത്. വരുമാനം 20 ശതമാനം വർദ്ധിച്ച് 368 കോടി രൂപയായി. 306 കോടി രൂപയായിരുന്നു 2016-17ൽ വരുമാനം. മാർച്ച് 31വരെയുള്ള കണക്കുപ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ ആസ്‌തി 38,600 കോടി രൂപയാണ്. മികച്ച പ്രവർത്തന ഫലത്തിന്റെ പിൻബലത്തിൽ ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് രണ്ടു രൂപ വീതം (200 ശതമാനം) ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു.

''മ്യൂച്വൽഫണ്ട് എസ്.ഐ.പി വിതരണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച ജിയോജിത്തിന്റെ നടപടി, ഈ വിഭാഗത്തിൽ നിന്നുള്ള വരുമാനം 92 ശതമാനം വർദ്ധിക്കാൻ സഹായകമായി. കഴിഞ്ഞവർഷം 90,000ത്തോളം പുതിയ ഇടപാടുകാരെയാണ് ജിയോജിത്തിന് ലഭിച്ചത് '',
സി.ജെ. ജോർജ്,
മാനേജിംഗ് ഡയറക്‌ടർ,
ജിയോജിത്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ