വി.കെ.സിംഗ് ഉത്തര കൊറിയയിൽ,ഉന്നുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
May 16, 2018, 8:47 pm
ന്യൂഡൽഹി: കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.കെ.സിംഗ് ഉത്തരകൊറിയയിൽ. മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കാണ് സിംഗ് ഉത്തര കൊറിയയിൽ എത്തിയത്. 20 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നൊരു മന്ത്രി ഉത്തര കൊറിയയിലെത്തുന്നത്. ഇതിന് മുമ്പ് 1998ൽ മുക്താർ അബ്ബാസ് നഗ്‌വിയായിരുന്നു ഉത്തര കൊറിയ സന്ദർശിച്ച ഇന്ത്യൻ മന്ത്രി.

ചൈനയിൽനിന്നു ചൊവ്വാഴ്‌ചയാണ് വി.കെ. സിംഗ് ഉത്തരകൊറിയയിലെത്തിയത്. ഉത്തരകൊറിയ – യു.എസ് ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സന്ദർശനമായിട്ടാണ് ഇതു വിലയിരുത്തപ്പെടുന്നത്. സിംഗിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ അംബാസഡർ അതുൽ ഗോട്‌‌സർവ് അദ്ദേഹത്തിന്റെ വിവരങ്ങൾ ഉത്തര കൊറിയൻ പാർലമെന്റ് പ്രസിഡന്റ് കിം യോംഗ് നാമിന് കൈമാറിയിരുന്നു. ഉത്തര കൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നുമായി വി.കെ.സിംഗ് കൂടിക്കാഴ്‌ച നടത്തുമെന്നാണ് അറിയുന്നത്.

2017 ഏപ്രിലിൽ യു.എന്നുമായി ചേർന്ന് ഇന്ത്യ ഉത്തര കൊറിയയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആഹാരത്തിനും മരുന്നിനുമുള്ള വാണിജ്യബന്ധങ്ങൾ ഇന്ത്യ അവസാനിപ്പിച്ചിരുന്നില്ല. അന്ന് ഉത്തര കൊറിയയുമായുള്ള വാണിജ്യത്തിന്റെ അവസാനമിടുകയല്ല ഇതിലൂടെ ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ