തീരുമാനം മോദിയുടേത്, യെദിയൂരപ്പ രാജി വച്ചാലും നേട്ടം ബി.ജെ.പിക്ക്
May 16, 2018, 10:56 pm
ന്യൂഡൽഹി: ബോളിവുഡ് സിനിമയുടേതിനേക്കാൾ ട്വിസ്‌റ്റുകളും നാടകീയതകളും നിറഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ക്ലൈമാക്‌സിലേക്ക് അടുപ്പിച്ച തീരുമാനത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി ദേശീയ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ തന്നെ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തിലെത്തിയിരുന്നു.

ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വരികയും കോൺഗ്രസ് - ജെ.ഡി എസ് സഖ്യമുണ്ടാക്കുകയും ചെയ്‌തോടെ യെദിയൂരപ്പ തന്നെ ആദ്യം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കണമെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. ജനതാദളുമായി സഖ്യമുണ്ടാക്കുന്നതിൽ അമർഷമുള്ള കോൺഗ്രസ് അംഗങ്ങളെ കൂട്ടുപിടിച്ച് സർക്കാർ ഉണ്ടാക്കാൻ ആയിരുന്നു ആദ്യ നീക്കം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചില എം.എൽ.എമാരുമായി ബി.ജെ.പി നേതാക്കൾ ചർച്ചയും നടത്തിയെന്നാണ് വിവരം. എന്നാൽ കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയതോടെ ഈ നീക്കം പൊളിഞ്ഞു. തുടർന്നാണ് യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന നിർദ്ദേശം ഗവർണർക്ക് ലഭിച്ചതെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയായതിന് ശേഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവയ്‌ക്കേണ്ടി വന്നാലും അത് നേട്ടമാണെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം ഗവർണർ അനുവദിച്ചിട്ടുണ്ട്. ഈ സമയം ഫലപ്രദമായി ഉപയോഗിച്ച് മാന്ത്രിക സംഖ്യയായ 113ലെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരാനാണ് ബി.ജെ.പി നീക്കം. നിലവിൽ ബി.ജെ.പിക്ക് 104 അംഗങ്ങളും ഒരു സ്വതന്ത്രന്റെ പിന്തുണയുമുണ്ട്. ഒരുപക്ഷേ കൂടുതൽ അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ 15 ദിവസത്തിന് ശേഷം യെദിയൂരപ്പ രാജിവച്ചൊഴിയും. ഇത് ലിംഗായത്ത് വോട്ടുകൾ തങ്ങൾക്ക് ഉറപ്പിക്കുന്നതിന് സഹായിക്കുമെന്നും സഹതാപ തരംഗം തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ