കൊച്ചിയിൽ ഓട്ടോക്കാർ തമ്മിൽ സംഘർഷം, തർക്കം പെർമിറ്റിനെ ചൊല്ലി
May 16, 2018, 10:58 pm
കൊച്ചി: പെർമിറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഓട്ടോ ഡ്രൈവർമാർ തമ്മിൽ സംഘർഷം. പെർമിറ്റ് ഉള്ളവരും ഇല്ലാത്തവരും തമ്മിലായിരുന്നു പ്രശ്‌നം. പെർമിറ്റ് എടുത്ത 103 ഓട്ടോകൾക്ക് മാത്രമായിരുന്നു ഇന്നലെ മുതൽ സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടറിൽ നിന്ന് സർവീസിന് അനുമതി. എന്നാൽ ഇതിന് കൂട്ടാക്കാത്ത ഒരും സംഘം ഡ്രൈവർമാരായിരുന്നു പ്രശ്‌നത്തിന് തുടക്കം കുറിച്ചത്. ഇവർ ഓട്ടോറിക്ഷകൾ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ചെയ്‌തു.

നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയതിന്റെ തുടർച്ചയായാണ് സൗത്തിലും പെർമിറ്റ് ഏർപ്പെടുത്താൻ റെയിൽവേ നടപടി സ്വീകരിച്ചത്. എന്നാൽ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മൂലം ആദ്യം മുതൽ തന്നെ ചിലർ പെർമിറ്റിനെതിരെ രംഗത്തു വരികയായിരുന്നു. മറ്റു ജില്ലകളിൽ കേസുകളിൽ പ്രതികളായ പലരും സിറ്റിയിൽ വാടകയ്ക്കു ഓട്ടോ ഓടിക്കാനെത്തുന്നുണ്ട്.

പൊലീസ് വെരിഫിക്കേഷൻ, ഇൻഷുറൻസ് രേഖകൾ എന്നിവ നിർബന്ധമാക്കുന്നതിലൂടെ യാത്രക്കാർക്ക് മാന്യമായ പെരുമാറ്റവും സുരക്ഷിതമായ യാത്രയും ഉറപ്പ് വരുത്താനാണ് ശ്രമിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. രണ്ടു മാസത്തേക്ക് 495 രൂപയാണ് പെർമിറ്റ് ഫീസായി റെയിൽവേയ്‌ക്ക് നൽകേണ്ടത്. മേയ് 15ന് വൈകിട്ട് വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

എന്നാൽ പ്രീപെയ്ഡ് സംവിധാനം കുത്തകയാക്കി വച്ചിരിക്കുന്ന ചില ഒട്ടോക്കാർ തുടക്കം മുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. ജില്ലാ കളക്‌ടർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ പെർമിറ്റ് ഓട്ടോകൾ തടഞ്ഞ 10 യൂണിയൻ നേതാക്കളെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്‌ത് നീക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ