ആകാശത്ത് ഏഴാനകൾ റെഡി; ഭൂമിയിൽ തോട്ടി ഇല്ലാതെ പാപ്പാൻ
June 11, 2018, 10:58 am
പി.എച്ച്.സനൽകുമാർ
തിരുവനന്തപുരം:ആനയെ വാങ്ങും, തോട്ടി വാങ്ങില്ലെന്ന് പറഞ്ഞ പോലായി ഇന്ത്യൻ ജി. പി. എസ് എന്ന് പുകൾപെറ്റ 'നാവിക് ' ഗതിനിർണയ ഉപഗ്രഹ ശൃംഖല.
ആകാശത്ത് ഏഴ് ഉപഗ്രഹങ്ങളും ഭൂമിയിൽ രണ്ട് കേന്ദ്രങ്ങളുമായി 'നാവിക് ' യാഥാർത്ഥ്യമാക്കി. എന്നാൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ കേന്ദ്രസർക്കാർ ഉഴപ്പിയതോടെ തോട്ടിയില്ലാത്ത പാപ്പാനെ പോലെയായി ഐ. എസ്.ആർ.ഒ. സാധാരണക്കാർക്ക് നാവികിന്റെ പ്രയോജനം കിട്ടാക്കനിയുമായി. അമേരിക്കൻ ജി. പി. എസിന് ബദലെന്ന് കൊട്ടിഘോഷിച്ച് 2,246 കോടി ചെലവിട്ട പദ്ധതിക്കാണ് ഈ ദുരവസ്ഥ.
2013 മുതൽ നാവികിനായി വിക്ഷേപിച്ച ഏഴ് ഉപഗ്രഹങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. ശിവൻ പറഞ്ഞു. പക്ഷേ, സൈനിക ആവശ്യങ്ങൾക്കും പ്രതിരോധ ഏജൻസികളും മാത്രമാണ് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത്.

നാവികിന്റെ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ സർക്കാർ സ്ഥാപനങ്ങളാണ് ഒരുക്കേണ്ടത്. അതുണ്ടായിട്ടില്ല. ഐ. എസ്. ആർ. ഒ ബാംഗ്ളൂരിലെ സോഫ്റ്റ് വെയർ സ്ഥാപനവുമായി സഹകരിച്ച് നാവിക് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള മൈക്രോ ചിപ് വികസിപ്പിച്ചിരുന്നു. അവർ പരിമിതമായി ഉണ്ടാക്കുന്ന ചിപ്പുകളുപയോഗിച്ചാണ് മത്സ്യത്തൊഴിലാളികൾക്ക് ആശയവിനിമയത്തിനുള്ള നാവിക് ഉപകരണം നിർമ്മിച്ച് നൽകുന്നത്.

നാവിക് ചിപ് സെറ്റുകൾ വ്യവസായാടിസ്ഥാനത്തിൽ നിർമ്മിക്കേണ്ടത് സർക്കാരാണ്. വളരെ ചെറിയ നാവിഗേഷൻ ഉപകരണങ്ങളുടെ ചിപ് സെറ്റുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐ. എസ്. ആർ. ഒ. ഭൂരിപക്ഷവും നിലവിലുള്ള ജി. പി. എസ് ഉപയോഗിക്കുന്നതിനാൽ നാവികിന്റേതായ ചിപ്പുകൾക്ക് പ്രത്യേകം ആവശ്യക്കാരുമില്ല. സർക്കാർ മുൻകൈയെടുത്ത് എല്ലാ മേഖലകളിലും ഇത് നടപ്പാക്കുകയാണ് വേണ്ടത്.

നാവികിന്റെ തിരിച്ചടി
മൊബൈൽ ഫോണുകളിൽ ഉൾപ്പെടെ ഇപ്പോൾ ഉപയോഗിക്കുന്നത് അമേരിക്കയുടെ ജി.പി.എസ് സിഗ്നലുകൾ സ്വീകരിക്കുന്ന ചിപ്പ് സെറ്റുകളാണ്. അതിനോട് കിടപിടിക്കുന്ന ചെറിയ ചിപ്പ് സെറ്റുകളുണ്ടാക്കണം. മൊബൈലുകളിലും അമേരിക്കൻ ജി.പി. എസിന്റെ ചിപ്പുകളായതിനാൽ നാവിക് ചിപ്പുണ്ടാക്കാൻ ആരും മുന്നോട്ടുവരുന്നില്ല.
ദുരന്ത നിവാരണത്തിനുള്ള ടെക്‌സ്റ്റ് സന്ദേശങ്ങൾ 12 മിനുട്ടിലൊരിക്കൽ നാവിക് പ്രക്ഷേപണം ചെയ്യും. പക്ഷേ അത് സ്വീകരിക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ പ്രയോജനപ്പെടുന്നില്ല. അതുപോലെ നാവിക് നൽകേണ്ട നിരവധി സേവനങ്ങളാണ് ജനങ്ങൾക്ക് കിട്ടാതെ പോകുന്നത്.

നാവിക് സേവനങ്ങൾ
ഭൂപടനിർമ്മാണം, സർവേ, ചരക്ക് നീക്കം നിരീക്ഷിക്കൽ, സുരക്ഷാ ഏജൻസികളുടെ നിരീക്ഷണം, വാഹനങ്ങളുടെ സുരക്ഷിതത്വം, ഗതിനിർണയം, സ്ഥാന നിർണയം, റെയിൽവേയുടെ സമയനിഷ്ഠയും സുരക്ഷയും, വിമാനങ്ങളുടെ ഗതിനിർണയം, ജിയോഫിസിക്സ്, ധനകാര്യ സേവനങ്ങൾ, മൊബൈൽ ഫോണുകളിലെ നാവിഗേഷൻ, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്, വ്യോമസേനാ വിമാനങ്ങളുടെ ആവശ്യങ്ങൾ

താളം തെറ്റി തുടർപദ്ധതി
അമേരിക്കൻ ജി.പി.എസുമായി ആഗോളതലത്തിൽ മത്സരിക്കാനുള്ള ഗ്ളോബൽ ഇന്ത്യൻ നാവിഗേഷൻ സിസ്റ്റം ( ജി. ഐ. എൻ. എസ്.) പദ്ധതിയും തണുത്തു. ഇതിന് 24 ഉപഗ്രഹങ്ങൾ വിക്ഷേപിക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ