കലിയടങ്ങാതെ അദ്ധ്യാപികമാർ; നിസഹായനായി ഒരു റാങ്കുകാരൻ
June 11, 2018, 11:03 am
മഞ്ജു എം. ജോയ്
തിരുവനന്തപുരം: നന്നായി പരീക്ഷയെഴുതിയിട്ടും മാർക്ക് വെട്ടിക്കുറച്ചു. പുനർ മൂല്യനിർണയത്തിൽ ഒന്നാം റാങ്ക്. ഒടുവിൽ മനോരോഗിയെന്ന് വരെ ചിത്രീകരിച്ചു. കള്ളക്കേസിൽ കുടുക്കി. എന്നിട്ടും തീരാത്ത രണ്ട് അദ്ധ്യാപികമാരുടെ കലിയിൽ പകച്ചു നിൽക്കുകയാണ് ജിനു മോനെന്ന ബി.എഡ് വിദ്യാർത്ഥി.

എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം എം.എ വിദ്യാർത്ഥിയായിരുന്ന താൻ
കോളേജ് വിട്ട ശേഷവും അദ്ധ്യാപികമാർ മാനസിക പീഡനം തുടരുന്നുവെന്നാണ് ജിനുമോന്റെ പരാതി. ചേർത്തല കളവംകോട് വിനോദ് ഭവനത്തിൽ കൂലിപ്പണിക്കാരനായ ശിവദാസന്റെയും കയർത്തൊഴിലാളിയായ ഓമനയുടെയും മകനാണ് ജിനുമോൻ. കോളേജിൽ 2015-17 ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. യുവജനോത്സവത്തിനും സെമിനാറിനും അനുവദിച്ച ഫണ്ടിൽ ക്രമക്കേട് കാട്ടിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ജൂലിയ ഡേവിഡിനെതിരെ കോളേജ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ചിരുന്നു.

ഇതിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ ഒപ്പ് ശേഖരണം നടത്തിയപ്പോൾ ഒപ്പിടാൻ വിസമ്മതിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണം. പ്രതികാരമായി രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഭാഷാശാസ്ത്രം, നോവൽ സാഹിത്യം എന്നിവയ്ക്ക് മാർക്ക് കുറച്ചു. പുന‌ർ മൂല്യനിർണയത്തിൽ ഓരോന്നിനും 20 മാർക്കിലധികം കൂടി. സുമി ജോയിയെന്ന മറ്റൊരദ്ധ്യാപികയും ചേർന്നാണ് മാർക്ക് കുറച്ചതെന്ന് തെളിഞ്ഞു. ഭാഷാശാസ്ത്രത്തിൽ 10 മാർക്കിന് ഉത്തരമെഴുതിയ അഡിഷണൽ ഷീറ്റ് മാറ്റിയതായും കണ്ടെത്തി. കോളേജ് പ്രിൻസിപ്പലും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറിയും നടത്തിയ അന്വേഷണത്തിലും ക്രമക്കേട് വ്യക്തമായി. 2 അദ്ധ്യാപികമാരെയും പാലക്കാട്ടെ കോളേജുകളിലേക്ക് സ്ഥലം മാറ്റിയെങ്കിലും ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങി.
ഇടതുപക്ഷ അദ്ധ്യാപക സംഘടനാ ഭാരവാഹികളായ അദ്ധ്യാപികമാർ ഭരണ സ്വാധീനം ഉപയോഗിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ജിനുമോൻ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. അദ്ധ്യാപികമാർക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മിഷൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മേധാവിക്ക് നൽകിയ ഉത്തരവും നടപ്പായില്ല. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ താൻ അപമാനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ഇവർ വനിതാ കമ്മിഷനിൽ നൽകിയ പരാതിയും തള്ളിപ്പോയി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി പറയുന്നു. വകുപ്പ് തല ശിക്ഷാനടപടികൾക്കെതിരെ ഇവർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നൽകിയ പരാതിയിലും അനാവശ്യമായി തന്നെ എതിർകക്ഷിയാക്കി. ''പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഞാൻ ചെറിയ കുട്ടികൾക്ക് ട്യൂഷനെടുത്താണ് പഠിക്കുന്നത്. കോളേജിൽ പോകാൻ വണ്ടിക്കൂലിക്ക് പോലും ബുദ്ധിമുട്ടുന്ന ഞാൻ എങ്ങനെ ക്ളാസ് മുടക്കി ഇനി ട്രൈബ്യൂണലിൽ കേസിന് പോകും'', ജിനുമോന്റെ വാക്കുകളിൽ കണ്ണീരുപ്പ്.

''ജിനുമോന്റെ പരാതിയിൽ ഞാൻ നടത്തിയ അന്വേഷണത്തിൽ ജൂലിയ, സുമി എന്നീ അദ്ധ്യാപികമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഒരു അദ്ധ്യാപികയും ചെയ്യരുതാത്ത തെറ്റാണവർ ചെയ്തത്. '
- എം.എൽ. ബീന,
മുൻ പ്രിൻസിപ്പൽ,
(ഇപ്പോൾ തലശേരി ബ്രണ്ണൻ
കോളേജ് പ്രിൻസിപ്പൽ)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ