വരനായി വേഷം കെട്ടിയ റാണി എട്ട് വർഷം മുന്പേ തുടങ്ങി തട്ടിപ്പ്
June 12, 2018, 12:07 pm
തിരുവനന്തപുരം: ആൺവേഷം കെട്ടി പോത്തൻകോട് സ്വദേശിയായ പെൺകുട്ടിയെ വിവാഹചെയ്ത 'ശ്രീറാം' മുൻപും തട്ടിപ്പ് നടത്തിയിരുന്നതായി വിവരം. റാണി എന്ന പേരുള്ള ഇവർ എട്ടുവർഷം മുമ്പ് കൊട്ടിയത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ചമഞ്ഞ് 3.75 ലക്ഷം രൂപ കവർന്ന കേസിൽ ജാമ്യത്തിലാണ്. കൊല്ലം തെക്കേ കച്ചേരി നട സ്വദേശിയായ റാണി, പോത്തൻകോട്ടെ പെൺകുട്ടിയെ ഏഴുകൊല്ലം പ്രണയിച്ചശേഷമാണ് വിവാഹം ചെയ്തത്. എന്നാൽ, ആദ്യരാത്രിയിൽതന്നെ 'വരൻ' പെണ്ണാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കൾക്ക് പരാതി ഇല്ലാതിരുന്നതിനാൽ റാണിയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് മെനക്കെട്ടതുമില്ല. ഇത് വിവാദമായിരിക്കെയാണ് റാണി മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകൾ പുറത്തായത്.

തെക്കൻ ജില്ലകളിൽ പലസ്ഥലത്തും പുരുഷവേഷം കെട്ടി ചെറുതും വലതുമായ നിരവധി തട്ടിപ്പുകൾ റാണി നടത്തിയിട്ടുണ്ടെന്നാണ് വിവരം. കൊട്ടിയത്ത് ടൈൽസ് വ്യാപാര സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സി ക്യുട്ടീവായി 'കണ്ണൻ ശ്രീകാന്ത് എന്ന' പേരിൽ ബി.കോംസർട്ടിഫിക്കറ്റിന്റെയും ഇലക്ഷൻ തിരിച്ചറിയൽ കാർഡിന്റെയും പകർപ്പുകൾ സഹിതം 8 വഷം മുമ്പ് ജോലിചെയ്താണ് ആദ്യ തട്ടിപ്പ് നടത്തിയത്. കൊല്ലത്തെ പ്രസിദ്ധമായ ഗണപതി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങളിലൊന്നിലായിരുന്നു താമസം. പറ്റൈവെട്ടി ഇടതുവശം ചേർത്ത് രണ്ടായി പകുത്ത മുടി. ക്ലീൻ ഷേവ് ചെയ്തപോലെ മുഖം. അരക്കയ്യൻ ഷർട്ടും ജീൻസ് പാന്റ്സും ഷൂവും. കൈയ്യിൽ ചരട്. ആഡംബര ബൈക്കിൽ യാത്ര. നടപ്പും നിൽപ്പും നോട്ടവുമെല്ലാം ആണിനെപ്പോലെ. ആരുമായും അധികം ഇടപെടാത്ത പ്രകൃതം. കടകളിൽ നിന്ന് ടൈൽസിന്റെ ഓർഡറുകൾ ശേഖരിക്കലും കളക്ഷനുമായിരുന്നു പണി. എന്നാൽ, കടകളിൽ സ്ഥാപന ഉടമ ഫോണിൽ ബന്ധപ്പെട്ട് എക്സിക്യുട്ടീവിന് നൽകിയ തുകയും ഓഫീസിൽ അടച്ച തുകയും കൃത്യമാണോയെന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

പണം കൈപ്പറ്റുമ്പോൾ രസീത് ബുക്കിൽ കാർബൺ പേപ്പർ ഉപയോഗിച്ച് ഒറിജനലും ഡ്യുപ്ലിക്കേറ്റുമുൾപ്പെടെ മൂന്നു പേജുകളിലായി തുക രേഖപ്പെടുത്തണം. പേന കൊണ്ടെഴുതിയ ഒറിജിനൽ രസീത് കടക്കാർക്ക് നൽകണം. എന്നാൽ കാർബൺ ഉപയോഗിക്കാതെ യഥാർത്ഥ തുക രേഖപ്പെടുത്തി ഒറിജിനൽ രസീത് കടക്കാർക്ക് നൽകിയശേഷം തുകയുടെ ഒരുഭാഗം കീശയിലാക്കിയായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ രണ്ടുമാസത്തിനകം മുന്നേമുക്കാൽ ലക്ഷത്തോളം രൂപ കവർന്നതായി മനസിലാക്കിയ കടയുടമ ഇത് ചോദ്യം ചെയ്തു. തുടർന്ന് പൊലീസിനെ സമീപിച്ചു. ചോദ്യം ചെയ്തപ്പോഴാണ് ആൾമാറാട്ടവും തട്ടിപ്പും പുറത്തായത്. കളക്ഷനെടുത്ത രേഖകൾ പരിശോധിച്ച പൊലീസ് കടക്കാരെ നേരിൽകണ്ട് വിവരങ്ങൾ ശേഖരിച്ചതോടെ തട്ടിപ്പ് വ്യക്തമായി. ഇതോടെ ഇവരെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. തിരിച്ചറിയൽ രേഖകൾ പ്രകാരം തെക്കേ കച്ചേരിനടയിലെത്തിയ പൊലീസിന് 'ശ്രീകാന്ത്' എന്നയാളെപ്പറ്രി യാതൊരു സൂചനയും ലഭിച്ചില്ല. ഒടുവിൽ ഫോട്ടോ കാണിച്ച് റാണിയാണെന്ന് നാട്ടുകാരിലൂടെ തിരിച്ചറിഞ്ഞു. കൊട്ടിയത്തെ സ്ഥാപനത്തിൽ മൂന്നുമാസത്തോളം ജോലി ചെയ്തിട്ടും സഹപ്രവർത്തകർക്ക് റാണിയുടെ വേഷംകെട്ടൽ മനസിലായില്ല. പുകവലിക്കുകയും മദ്യപിക്കുകയുമൊക്കെ ചെയ്തിരുന്നു. ഈ കേസ് ഇപ്പോൾ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടിന്റെ പരിഗണയിലാണ്. പോത്തൻകോട്ടെ സംഭവത്തിൽ പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിഞ്ഞതാണ് പെൺകുട്ടി തട്ടിപ്പിന് ഇരയാകാതെ രക്ഷപ്പെട്ടത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ