കൊല്ലത്ത് ഇന്നലെ മാത്രം കാണാതായത് 10 പെൺകുട്ടികളെ
June 12, 2018, 12:19 pm
കൊല്ലം: സ്‌കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ ഒറ്റദിവസം 11 പേരെ കാണാതായി. ഇതിൽ പത്തുപേരും പെൺകുട്ടികളാണ്. ഒരാൾ ആൺകുട്ടിയും. ഇതോടെ പൊലീസ് കടുത്ത സമ്മർദ്ദത്തിലായി. രണ്ട് വിദ്യാർത്ഥിനികളെ കണ്ടെത്തുകയും മറ്റുള്ളവർ സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ 24 മണിക്കൂർ സമയത്തിനുള്ളിൽ കൗമാരക്കാരായ രണ്ടു പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായി. പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമത്തിന് ഇരയായ രണ്ട് പെൺകുട്ടികളും സ്‌കൂളിൽ നിന്ന് കാണാതായ വിവരം ഉടൻ സ്ഥിരീകരിക്കാൻ കഴിയാത്തത് പേരായ്മയായി.

ചില സ്‌കൂളുകളിൽ കുട്ടികൾ മുങ്ങിയാൽ ഹാജരെടുത്ത് നിമിഷങ്ങൾക്കകം രക്ഷിതാക്കളെ വിവരം അറിയിക്കുന്ന രീതിയുണ്ട്. എന്നാൽ ശിശു കേന്ദ്രീകൃത സൗഹൃദ വിദ്യാലയങ്ങളെന്ന് അവകാശപ്പെടുമ്പോഴും എല്ലായിടത്തും ആ സംവിധാനം നിലവിലില്ലെന്നത് പോരായ്മയാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ ബോധവത്കരണ പരിപാടിയിൽ സജീവമായിരുന്ന ഒരു പെൺകുട്ടിയെ കാണാത്തതിനാൽ ചുമതലപ്പെട്ട പൊലീസുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചത്. ഇരവിപുരം പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. ഇരവിപരം കൂടാതെ ചടയമംഗലം, കുണ്ടറ, ശാസ്താംകോട്ട, കൊട്ടാരക്കര, പുനലൂർ, കുന്നിക്കോട്, അഞ്ചൽ, ഏരൂർ പൊലീസ് സ്‌റ്റേഷനുകളിലാണ് മാൻ മിസിംഗ് കേസുകൾ രജിസ്റ്രർ ചെയ്തത്. കുണ്ടറയിലും അഞ്ചലും രണ്ടു വീതം കേസുകളുണ്ട്. ഇതിൽ ഒരാൾ മാത്രം പുരുഷനാണ്. പ്രായപൂർത്തിയായ പെൺകുട്ടികൾ കാമുകന്മാർക്കൊപ്പം ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കി.

പോക്‌സോ പ്രകാരം ലൈംഗിതാതിക്രമം നടത്തിയ 19 കാരനും 21 കാരനും ബന്ധുവീടുകളിലാണ് കുട്ടികളുമായി പോയത്. ബന്ധുക്കളുടെ സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നു. ഇരവിപുരത്ത് കൗമാരക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ കൗമാരക്കാരന്റെ ഒരു ബന്ധുവാണ് പൊലീസിനെ വിവരം അറിയിച്ചത്. പെൺകുട്ടികൾ കാണാതാകുന്ന കേസുകളിൽ കാമുകനുമായി പോയതായിരിക്കാം എന്ന ഉഴപ്പൻ മട്ടിൽ അനങ്ങാതിരുന്നാൽ പണി പോകുമെന്ന് മാത്രമല്ല കേസിലും കുടുങ്ങുമെന്ന സ്ഥിതി വന്നതോടെ പൊലീസ് ഏറെ ജാഗരൂകരായിട്ടുണ്ട്. മാൻ മിസിംഗ് കേസുകളിൽ 48 മണിക്കൂറിനുള്ളിൽ കേസ് സംബന്ധിച്ച നിർണായക വിവരങ്ങൾ കണ്ടെത്തണമെന്ന ഡി.ജി.പിയുടെ സർക്കുലർ കടുപ്പിച്ചതാണ് പൊലീസ് ഓട്ടം പിടിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ