സർക്കാരിന്റെ കാൽകാശില്ലാതെ മാലിന്യം കറണ്ടാകും
June 13, 2018, 12:38 am
എം.എച്ച് വിഷ്‌ണു
തിരുവനന്തപുരം: കേരളത്തിന്റെ തീരാശാപമായിമാറിയ മാലിന്യ പ്രശ്നത്തിന് പരിഹാരം വരുന്നു. പരമാവധി മാലിന്യം ശേഖരിച്ച്, അതിൽനിന്ന് ‌വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വ്യാവസായികാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. സർക്കാരിന് കാൽകാശ് ചെലവില്ലാത്ത പദ്ധതിയാണിത്. പ്രതിദിനം 200ടൺ മാലിന്യം വൈദ്യുതിയാക്കി മാറ്റും. ഇത്‌ റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും.

ഏഴ് ജില്ലകളിൽ വേസ്റ്റ്-ടു-എനർജി പ്ലാന്റുകൾ നിർമ്മിക്കാനാണ് തീരുമാനം. ഓരോന്നിനും 5മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാവും. പദ്ധതി നടത്തിപ്പിന് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായി 10സെക്രട്ടറിമാരുടെ ഉന്നതതലസമിതി രൂപീകരിച്ചതായി അഡി. ചീഫ് സെക്രട്ടറി ‌ടോം ജോസിന്റെ ഉത്തരവിറങ്ങി. കെ.എസ്.ഐ.ഡി.സിയാണ് നോഡൽ ഏജൻസി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഡിസൈൻ, ബിൽറ്റ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ഡി.ബി.എഫ്.ഒ.ടി) വ്യവസ്ഥയിലാണ് പ്ലാന്റുനിർമ്മാണം. ഈ മാസം ആഗോള ടെൻഡർ വിളിക്കും. 25കോടിയെങ്കിലും മൂലധനമുള്ളതും മാലിന്യത്തിൽ നിന്ന് ഒരുമെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിച്ച് ഒരുവർഷത്തെ പരിചയമുള്ളതുമായ കരാറുകാർക്കും കൺസോർഷ്യങ്ങൾക്കും പങ്കെടുക്കാം. നഗരങ്ങളിൽ 10മുതൽ15 ഏക്കർവരെ സ്ഥലം 27വർഷത്തേക്ക് ലീസിന് കൈമാറും. ഭൂമി ഈടായിവച്ച് പ്ലാന്റ് നിർമ്മാണത്തിന് കടമെടുക്കാം. 2വർഷത്തിനകം പ്ലാന്റ് പൂർത്തിയാക്കണം.

പ്ലാന്റിന് 35കിലോമീറ്റർ ചുറ്റളവിലെ മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിച്ച് സംസ്കരിക്കേണ്ടത് കമ്പനിയുടെ ചുമതലയാണ്. വൈദ്യുതി വിറ്റുകിട്ടുന്ന തുകയ്ക്കു പുറമെ വേസ്റ്റ് പുനരുപയോഗിച്ചും കമ്പനിക്ക് വരുമാനം കണ്ടെത്താം. ടെൻഡർരേഖകൾ ഡൽഹിയിലെ ഐ.ആർ.ജി സിസ്റ്റംസ് കമ്പനി തയ്യാറാക്കി.

ഗ്യാസിഫിക്കേഷൻ സാങ്കേതികവിദ്യ
ഖരമാലിന്യങ്ങൾ സംസ്കരിച്ച് സിന്തറ്റിക് ഗ്യാസ് ഉത്പാദിപ്പിക്കും
ഇതുപയോഗിച്ച് വെള്ളംചൂടാക്കി, നീരാവിയിലൂടെ ടർബൈൻ പ്രവർത്തിപ്പിക്കും
ഒരുടൺ മാലിന്യത്തിൽ നിന്ന് 430യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും

350കോടി
ഓരോ പ്ലാന്റിനും നിർമ്മാണചെലവ്
200ടൺ
മാലിന്യത്തിൽ നിന്ന് നിത്യേന 7മെഗാവാട്ട് വൈദ്യുതി

പ്ലാന്റുകൾ ഇവിടങ്ങളിൽ
1)തിരുവനന്തപുരം പെരിങ്ങമ്മലയിൽ
കൃഷിവകുപ്പിന്റെ 15ഏക്കർ
2)തൃശൂർ ലാലൂരിൽ നഗരസഭയുടെ 15ഏക്കർ
3)പാലക്കാട് കഞ്ചിക്കോട്ട് കെ.എസ്.ഇ.ബിയുടെ 15ഏക്കർ
4)കോഴിക്കോട് ചെറുവണ്ണൂർ വില്ലേജിൽ കോർപറേഷന്റെ 12.67ഏക്കർ
5)കണ്ണൂർ ചേലോറവില്ലേജിൽ നഗരസഭയുടെ 9.7ഏക്കർ
6)കൊല്ലം കുരീപ്പുഴയിൽ നഗരസഭയുടെ 7.05ഏക്കർ
7)മലപ്പുറം പാണ്ടിക്കാട്ട് കെ.എസ്.ഐ.ഡി.സിയുടെ 10ഏക്കർ

''ഖരമാലിന്യ സംസ്കരണത്തിന് ശാശ്വതപരിഹാരമാണിത്.അത്യാധുനിക സാങ്കേതികവിദ്യയാവും ഉപയോഗിക്കുക.''

-മുഖ്യമന്ത്രിയുടെ ഓഫീസ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ