നിർബന്ധിത ശിരോവസ്ത്ര നിയമം, ഇറാനിലെ ചെസ് ചാമ്പ്യൻഷിപ്പിൽ നിന്നും സൗമ്യ പിൻമാറി
June 13, 2018, 11:26 am
പൂനെ: ഏഷ്യൻ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ വനിതാ ഗ്രാന്റ്മാസ്റ്ററും മുൻ ജൂനിയർ ലോക ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥൻ പിൻമാറി. മത്സരം നടക്കുന്ന ഇറാനിൽ നിർബന്ധിത ശിരോവസ്ത്ര നിയമം നിലനിൽക്കുന്നതിനാലാണ് ചാമ്പ്യൻഷിപ്പിൽ നിന്നും പിൻമാറുന്നതെന്ന് സൗമ്യ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. തന്റെ വ്യക്തിപരമായ അവകാശങ്ങൾ ഹനിക്കുന്നതാണ് ഇറാനിലെ നിയമങ്ങളെന്നും സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇറാനിലെ ഹമദാനിൽ ജൂലായ് 26 മുതൽ ആഗസ്‌റ്റ് നാല് വരെയാണ് ചാമ്പ്യൻഷിപ്പ്.

തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ചെസ് ഫെഡറേഷനോട് സൗമ്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല. ''ഇറാനിലെ നിർബന്ധിത ശിരോവസ്ത്ര നിയമം, എന്റെ അഭിപ്രായ സ്വാതന്ത്ര്യം, ചിന്തിക്കാനുള്ള അവകാശം, എന്റെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം തുടങ്ങീ, എന്റെ ന്യായമായുള്ള അവകാശങ്ങളുടെ ലംഘനമാണ്. നിലവിലെ സാഹചര്യത്തിൽ എന്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഏക പോംവഴി ഇറാനിൽ പോകാതിരിക്കുകയാണ്''- സൗമ്യ വ്യക്തമാക്കി. കളിക്കാർക്ക് മതപരമായ വേഷം നിർബന്ധമാക്കരുതെന്നും താരം പ്രതികരിച്ചു.

ഇതാദ്യമായല്ല വേഷവിധാനത്തിന്റെ പേരിൽ ഒരു താരം കായിക മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറുന്നത്. 2016-ൽ ഇന്ത്യൻ ഷൂട്ടറായ ഹീന സിദ്ധു ഇറാനിൽ നടന്ന ഏഷ്യൻ എയർ ഗൺ മീറ്റിൽ നിന്ന് ഇതേ കാരണത്താൽ പിന്മാറിയിരുന്നു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ