പരസ്യപ്രസ്താവന വിലക്കാൻ ശ്രമിക്കേണ്ട - ഹസന് മറുപടിയുമായി സുധീരൻ
June 13, 2018, 11:36 am
തിരുവനന്തപുരം: കോൺഗ്രസിൽ പരസ്യപ്രസ്താവനകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തുമെന്ന കെ.പി.സി.സി.സി പ്രസിഡന്റ് എം.എം.ഹസന് മറുപടിയുമായി വി.എം.സുധീരൻ രംഗത്ത്. പരസ്യപ്രസ്താവന എന്ന ഒറ്റമൂലി പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി യോഗത്തിൽ താൻ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരസ്യപ്രസ്താവന കൊണ്ട് എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാമെന്ന തെറ്റിദ്ധാരണയാണ് നേതാക്കൾക്കുള്ളത്. പരസ്യ പ്രസ്താവന വിലക്കിയെന്ന് പറഞ്ഞ യോഗത്തിൽ വച്ച് തന്നെ ഇത് പ്രായോഗികമല്ലെന്ന കാര്യം താൻ വ്യക്തമാക്കിയിരുന്നു. പാർട്ടിയിലെ തെറ്റ് കണ്ടപ്പോഴെല്ലാം താൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്നും ഇന്നും എന്നും അത് തുടരും. അവസരവാദ നിലപാടുകൾ സ്വീകരിക്കുന്ന ആളല്ല താൻ. തന്റെ വ്യക്തിബന്ധങ്ങൾ ശാശ്വതമാണ്. വയലാർ രവി,​ ഉമ്മൻചാണ്ടി,​ എ.കെ.ആന്റണി എന്നിവർക്കൊപ്പം കോൺഗ്രസിൽ പ്രവർത്തിച്ചയാളാണ് താൻ. ഇവർക്കൊക്കെ തെറ്റ് പറ്റിയപ്പോഴെല്ലാം താൻ അത് ശക്തിയുക്തം ഏത് അവസരത്തിലും ചൂണ്ടിക്കാട്ടാൻ മടിച്ചിട്ടില്ല. തിരുത്താനാകാത്ത തെറ്റ് ചെയ്തിട്ട് പ്രസ്താവന വിലക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. 1994ൽ രാജ്യസഭ സീറ്റ് ഘടകകക്ഷിക്കു നൽകിയപ്പോൾ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജിവച്ച് ഗ്രൂപ്പ് പ്രവർത്തനം ശക്തിപ്പെടുത്തി. അദ്ധ്യക്ഷനായിരിക്കെ പരസ്യപ്രസ്താവന പാടില്ലെന്ന് താൻ പറഞ്ഞപ്പോൾ കെ.പി.സി.സി ഓഫീസിൽ പത്രസമ്മേളനം വിളിച്ചയാളാണ് എം.എം.ഹസനെന്നും സുധീരൻ പറഞ്ഞു.

രാജ്യസഭാ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണ് തനിക്കെന്ന ആരോപണങ്ങൾക്കും സുധീരൻ മറുപടി നൽകി. പാർലമെന്ററി, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് നേരത്തെ പിൻമാറിയതാണ്. ഇക്കാര്യത്തിൽ തനിക്കെതിരെ കുപ്രചരണം നടത്തുകയാണ്. താൻ സീറ്റിന് വേണ്ടി നടത്തുന്ന കളിയാണെന്നാണ് ചിലർ പറയുന്നത്. അത്തരം കുപ്രചരണങ്ങളിൽ മാദ്ധ്യമങ്ങൾ വീഴരുത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ