നന്ദി ഫഹദ്, അവളുടെ ചിറകുകൾക്കടിയിലെ കാറ്റായി നിൽക്കുന്നതിന്..
June 13, 2018, 2:52 pm
നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടിയായ നസ്രിയ. അ‌‌ഞ്ജലി മേനോൻ സംവിധാനം ചെയ്‌ത 'കൂടെ'യിലൂടെയാണ് നസ്രിയ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുന്നത്. അതിനിടെ സിനിമാ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നസ്രിയേയും ഭർത്താവും നടനുമായ ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് ചിത്രത്തിന്റെ സംവിധായിക അഞ്ജലി മേനോൻ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഫഹദ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സംവിധായിക ബാംഗ്ലൂർ ഡേയ്സിന്റെ ചിത്രീകരണസമയത്ത് നടന്ന ഒരു സംഭവവും വിശദീകരിച്ചു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഞ്ജലി മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.

' ബാഗ്ലൂർ ഡേയ്സിന്റെ അവസാന ദിവസം എല്ലാവരും പിരിയുന്നതിന്റെ സങ്കടത്തിലായിരുന്നു. അത് മാറ്റാൻ ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ ഒരു ഡിന്നറിന് പോയി. ഫഹദ്, നസ്രിയ, ദുൽഖർ, അമൽ, നിവിൻ, റിന്ന, നിവിന്റെ മകൻ, പിന്നെ ഞാനും. നസ്രിയയുടേയും ഫഹദിന്റേയും വിവാഹത്തെ കുറിച്ചായിരുന്നു ഡിന്നറിനിടയിലെ സംസാരം. വിവാഹത്തോടെ നസ്രിയ അഭിനയം നിർത്തുമോ എന്ന് ചർച്ചയെത്തി. ഇത് കേട്ട് അസ്വസ്ഥനായ ഫഹദ് പറഞു, 'അഞ്ജലി, നിങ്ങളുടെ അടുത്ത സിനിമയിൽ ദയവായി നസ്രിയയെ കാസ്‌റ്ര് ചെയ്യണം. അവൾ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് മറ്റുള്ളവർ എന്തിന് വെറുതെ ചിന്തിക്കണം.

നാല് വർഷങ്ങൾക്കിപ്പുറം നസ്രിയ ശരി‌യ്‌ക്കും എന്റെ സിനിമയുടെ ഭാഗമാവുകയും അവളുടെ അഭിനയം കാണാൻ ഫഹദ് എത്തുകയും ചെയ്‌തത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ചിത്രത്തിനിടയിൽ മിക്ക സമയങ്ങളിലും തിരക്കായത് കൊണ്ട് എനിക്ക് ഫഹദിനോട് സംസാരിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ, ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു... ഫഹദ്... അവളുടെ ചിറകുകൾക്കടിയിലെ കാറ്റായി കൂടെയുള്ളത് തീർച്ചയായും മഹത്തായ കാര്യമാണ്. ആശംസകൾക്ക് നന്ദി. നസ്രിയ–ഫഹദ് ... സന്തോഷമായിരിക്കൂ!' ..
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ