വരും ഞങ്ങൾ വീണ്ടും
June 13, 2018, 2:46 pm
കാക്ക കാക്കയിലൂടെ എത്തി വാരണം ആയിരമാക്കി പ്രേക്ഷകരെ അമ്പരപ്പിച്ച ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. അതെ, തെന്നിന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗൗതം മേനോൻ സൂര്യ കൂട്ടുകെട്ടാണ് ഉടൻ എത്തുന്നതായി സൂചനകൾ ലഭിക്കുന്നത്. സംവിധായകൻ തന്നെയാണ് ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. തമിഴ് സിനിമയിലെ ഡ്രീം കോംബോ എന്നാണ് ഇരുവരെയും വിശേഷിപ്പിക്കുന്നത്. ധ്രുവനച്ചത്തിരം എന്ന മൂന്നാം സിനിമയുടെ ചർച്ചാ വേളയിലാണ് ഇരുവരും പിരിഞ്ഞ് രണ്ടുവഴിക്കായത്. അവസാന നിമിഷം സൂര്യ ഗൗതമിന്റെ പ്രോജ്ര്രക് ഉപേക്ഷിച്ച് അഞ്ജാൻ എന്ന ചിത്രം തിരഞ്ഞെടുത്തു.

സൂര്യയുടെ 39ാമത്തെ ചിത്രത്തിലൂടെയായിരിക്കും ഇരുവരും ഒന്നിക്കുകയെന്നാണ് അറിയുന്നത്. സൂര്യ ഫാൻസ് തന്നെ ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചിട്ടുണ്ട്. കെ.വി. ആനന്ദ്, സുധാ കോംഗര എന്നിവരുടെ സിനിമകൾ പൂർത്തിയാക്കിയിട്ടേ സൂര്യ തന്റെ ബാല്യകാല സുഹൃത്തിനൊപ്പം കൈ കോർക്കുകയുള്ളൂ. മോഹൻലാലും അഷു സീരീഷുമുള്ള കെ. വി. ആനന്ദ് ചിത്രം ഈ മാസം അവസാനം ഇംഗ്ലണ്ടിലാണ് ചിത്രീകരണം ആരംഭിക്കുക. അതിനു ശേഷം ഇരുതി സുട്ര് സംവിധായിക സുധയുടെ സിനിമയിൽ എത്തും. അടുത്ത വർഷം ആദ്യം തന്നെ സൂര്യ ഗൗതം മേനോൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വാരണം ആയിരം എന്ന ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാത്തതിന്റെ കാരണം വേറെയൊരു നടനെയും ആ റോളിൽ സങ്കൽപ്പിക്കാൻ സാധിക്കാത്തതു കൊണ്ടാണെന്ന് ഗൗതം അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. അത്തരത്തിലുള്ള ഒരു തിരക്കഥയാണ് ഈ ചിത്രത്തിനും വേണ്ടി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യ ഉപേക്ഷിച്ച ധ്രുവനച്ചത്തിരത്തിൽ നായകനാകുന്നത് വിക്രമാണ്. ധനുഷ് നായകനായിയെത്തുന്ന എന്നൈ നോക്കി പായും തോട്ട എന്നിവയാണ് ഗൗതമിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന 'എൻ.ജി.കെ'യിൽ അഭിനയിക്കുകയാണ് സൂര്യ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ