ജയനഗറിൽ കോൺഗ്രസിന് ജയം ബി.ജെ.പിക്കു നഷ്ടപ്പെട്ടത് 2008 മുതൽ കൈവശമുണ്ടായിരുന്ന സീറ്റ്
June 14, 2018, 12:25 am
 കോൺഗ്രസിന് 54,457ഉം ബി.ജെ.പിക്ക് 51,568 ഉം വോട്ടുകൾ
 തോറ്റത് സിറ്റിംഗ് എം.എൽ.എയുടെ സഹോദരൻ
 ജയിച്ചത് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൾ
 അധികാരത്തിലെത്തിയ ശേഷം കോൺഗ്രസ്- ജനതാദൾ(എസ്) സഖ്യം നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പ്

ഇപ്പോൾ കർണാടക മന്ത്രിസഭയിലെ കക്ഷിനില
ബിജെപി - 104
കോൺഗ്രസ് - 79
ജെ.ഡി.എസ് - 36
ബി.എസ്.പി - 1
സ്വതന്ത്രർ - 2

ബംഗളുരു: കർണാടകയിലെ ജയനഗർ നിയമസഭാ മണ്ഡലത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡിക്ക് ജയം. 2,887 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർത്ഥി ബി.എൻ പ്രഹ്ലാദിനെയാണ് തോൽപ്പിച്ചത്.

55 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വോട്ടെടുപ്പിൽ കോൺഗ്രസ് 54,457 വോട്ടുകളും ബി.ജെ.പി 51,568 വോട്ടുകളും നേടി. ജയഗനറിലെ ബി.ജെ.പി സ്ഥാനാർത്ഥിയും എം.എൽ.എയുമായിരുന്ന ബി.എൻ വിജയകുമാർ മെയ് 4 ന് മരിച്ചതിനെത്തുടർന്നാണ്, കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മെയ് 12 ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ജയനഗറിൽ മാറ്റിവച്ചത്.
2008 മുതൽ രണ്ടുതവണ ഇവിടെ എം.എൽ.എയായിരുന്ന വിജയകുമാറിന്റെ സഹോദരനാണ് ബി.എൻ പ്രഹ്ലാദ്. മുതിർന്ന കോൺഗ്രസ് നേതാവും സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയുമായിരുന്ന രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. 2008 നുമുമ്പ് തുടർച്ചയായ നാലുതവണ രാമലിംഗ റെഡ്ഡി ജയിച്ച മണ്ഡലം കൂടിയാണ് ജയനഗർ.

കർണാടകയിലെ കോൺഗ്രസ്- ജനതാദൾ എസ് മന്ത്രിസഭാ രൂപീകരണത്തിനുശേഷം ഇരുവരും ഒന്നിച്ചുനേരിട്ട ആദ്യതിരഞ്ഞെടുപ്പുകൂടിയാണ് ജയനഗറിലേത്. സഖ്യത്തിലായതിനുശേഷം ജയനഗറിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് ജനതാദൾ എസ് കോൺഗ്രസിനു പിന്തുണ അറിയിച്ചിരുന്നു. ജയനഗറിലെ വിജയത്തോടെ കർണാടക നിയമസഭയിലെ കോൺഗ്രസിന്റെ അംഗബലം 79 ആയി. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ