യോഗേന്ദ്ര മോദി
June 14, 2018, 1:59 am
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് സ്വീകരിച്ചു. യോഗ ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത മോദി, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, ടേബിൾ ടെന്നിസിൽ കോമൺവെൽത്ത് മെഡൽ നേടിയ മണിക ബത്ര എന്നിവരെയും 40 വയസിന് മുകളിലുള്ള ഐ.പി.എസ് ഓഫീസർമാരെയും ഫിറ്റ്‌നെസ് ചലഞ്ചിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.
ഔദ്യോഗിക വസതിയായ 7 ലോക കല്യാൺ മാർഗിലെ പുൽത്തകിടിയിൽ മോദി പ്രാണായാമം ഉൾപ്പെടെയുള്ള യോഗാഭ്യാസങ്ങൾ ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ.
കർണാടകത്തിൽ അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങൾ തകർത്ത് ഭരണത്തിലേറിയ കുമാരസ്വാമിയെ മോദി ക്ഷണിച്ചത് കൗതുകമായി. ഉടൻ ട്വിറ്ററിൽ മറുപടി നൽകിയ കുമാരസ്വാമി മോദിയുടെ ക്ഷണത്തിന് നന്ദി പറഞ്ഞു. താൻ എല്ലാ ദിവസവും യോഗ ചെയ്യുന്നതിന് പുറമേ ട്രെഡ് മില്ലിൽ നടക്കാറുമുണ്ട്. കായികാരോഗ്യം പ്രധാനമാണ്. എന്നാലും ഇപ്പോൾ സംസ്ഥാനത്തിന്റെ വികസനാരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. അതിന് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് കുമാരസ്വാമി അർത്ഥഗർഭമായി അഭ്യർത്ഥിക്കുകയും ചെയ്‌തു.
ജൂൺ 21ന് അന്താരാഷ്‌ട്ര യോഗ ദിനം പ്രമാണിച്ച് വിവിധ ആസനങ്ങൾ ഉൾപ്പെടുത്തിയ ത്രീ ഡി അനിമേഷൻ വീഡിയോകൾ നേരത്തേ മോദി ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
മോദി സർക്കാർ ദേശീയ, അന്തർദ്ദേശീയ വേദികളിൽ യോഗയ്‌ക്ക് പ്രചാരം നൽകാൻ പ്രത്യേക താത്പര്യം കാട്ടുന്നുണ്ട്. 2015ലെ ലോക യോഗ ദിനത്തിൽ ഡൽഹിയിലെ രാജ്പഥിൽ മോദി പങ്കെടുത്ത യോഗ പ്രകടനത്തിൽ 35,985 പേരാണ് അണിനിരന്നത്. ഇതൊരു ലോക റെക്കാഡാണ്.

മോദിയുടെ ട്വീറ്റ്:
എന്റെ പ്രഭാത കായികാഭ്യാസങ്ങൾ ഇതാ. യോഗയ്‌ക്ക് പുറമേ പ്രകൃതിയിലെ പഞ്ചതത്വങ്ങളായ പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ട്രാക്കിലൂടെ നടക്കുകയും ചെയ്യുന്നു. അത് വളരെ ഉന്മേഷദായകമാണ്. ശ്വസന ക്രിയകളും പരിശീലിക്കുന്നുണ്ട്. ഹം ഫിറ്റ് ഹോ തോ ഇന്ത്യ ഫിറ്റ് ഹേ.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ