കേജ്‌രിവാളും സംഘവും ധർണ തുടരുന്നു, പ്രതിഷേധവുമായി ആം ആദ്മിയും ബി.ജെ.പിയും
June 13, 2018, 7:31 pm
ന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സംഘവും തിങ്കളാഴ്ച മുതൽ ആരംഭിച്ച കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുന്നു. ബി.ജെ.പിയിൽ നിന്നും രാജിവച്ച മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടേക്ക് എത്തിയിട്ടുണ്ട്. അതേസമയം, ഞായറാഴ്ചയ്ക്കകം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ആം ആദ്മി രാജ്യസഭാംഗം സഞ്ജയ് സിംഗ് അറിയിച്ചു.

അതിനിടെ താൻ നടത്തുന്ന സമരം പൊതുസേവനം നഷ്ടപ്പെട്ട ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു. ഡൽഹിയിലെ വോട്ടർമാരെ ഇക്കണക്കിന് ശിക്ഷിക്കുന്നവർക്കെതിരെയുള്ള തന്റെ സർജിക്കൽ സ്‌ട്രൈക്കാണ് സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആം ആദ്മി വിമത എം.എൽ.എ കപിൽ മിശ്രയുടെയും നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ കേജ്രിവാളിന്റെ വസതിക്ക് മുന്നിലും ആം ആദ്മി പ്രവർത്തകർ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിന് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്ത് ജലവിതരണം കാര്യക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, മജീന്ദർ സിംഗ് സിർസ എം.എൽ.എ എന്നിവർ പറഞ്ഞു. സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് എതിരെയാണ് സമരമെന്നും അവർ കൂട്ടിച്ചേർത്തു.

വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അനുമതി നൽകുക, ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച വൈകിട്ട് 5.30ഓടെ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനെ കേജ്രിവാളിന്റെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു. അനുകൂല നിലപാട് ലഭിക്കാത്തതിനാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധിച്ച് വെ്ര്രയിംഗ് റൂമിൽ ഇരുന്ന് സമരം ചെയ്യുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാരെ കാണാൻപോലും ലെഫ്.ഗവർണർ തയാറായില്ല. ചൊവ്വാഴ്ച രാവിലെയോടെ മന്ത്രി സത്യേന്ദർ ജയിൻ നിരാഹാരവും തുടങ്ങി.
സർക്കാരിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസും ലെഫ്റ്റനന്റ് ഗവർണറും ഉദ്യോഗസ്ഥരെ തിരിച്ചുവിടുകയാണെന്നാണ് കേജ്രിവാളിന്റെ ആരോപണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ