കന്നുകാലികളെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് ജാർഖണ്ഡിൽ രണ്ട് പേരെ തല്ലിക്കൊന്നു
June 13, 2018, 7:53 pm
പാ‌റ്റ്ന: ജാർഖണ്ഡ‌ിലെ ഗൊഡ്ഡ ജില്ലയിൽ കന്നുകാലികളെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. കന്നുകാലികളെ മോഷ്‌‌ടിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരാണ് നാട്ടുകാരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മറ്റൊരാൾ ഇയാളുടെ സഹായിയാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഗ്രാമീണരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് കൂട്ടിച്ചേർത്തു.

അടുത്തിടെ തങ്ങളുടെ കന്നുകാലികൾ മോഷണം പോകുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് മോഷ്‌ടാക്കളെ പിടിക്കാൻ രാത്രി മുഴുവൻ നാട്ടുകാർ കാവൽ നിൽക്കുന്നതും പതിവായിരുന്നു. ഇതിനിടയിലാണ് അഞ്ചംഗ സംഘം കാലി മോഷണത്തിനായി ഗ്രാമത്തിലേക്ക് എത്തിയത്. മോഷ്‌ടാക്കളുടെ സാന്നിധ്യം മനസിലാക്കിയ ഗ്രാമീണർ ഉണരുകയും ഇവരെ പിന്തുടർന്ന് പിടിക്കുകയുമായിരുന്നു. എന്നാൽ സംഘത്തിലെ മൂന്ന് പേർ രക്ഷപ്പെട്ടു. മോഷ്‌ടാക്കളെ പിടികൂടിയ വിവരമറിഞ്ഞ കൂടുതൽ ഗ്രാമീണർ ഇവിടേക്കെത്തുകയും പിടികൂടിയവരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്‌തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നതായും കുറ്റവാളികളെന്ന് കണ്ടെത്തുന്ന എല്ലാവർക്കും എതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇതാദ്യമായല്ല ജാർഖണ്ഡിൽ നിന്നും ഇത്തരം സംഭവങ്ങൾ പുറത്തുവരുന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് കഴിഞ്ഞ മേയിൽ ആറ് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ