സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉരുൾപ്പൊട്ടൽ, നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
June 13, 2018, 7:49 pm
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉരുൾപ്പൊട്ടൽ രൂക്ഷം. പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ മലയോരമേഖലകളിലുണ്ടായ ഉരുൾപ്പൊട്ടലിൽ വ്യാപകാനാശനഷ്ടം സംഭവിച്ചു. നിരവധി കുടുംബങ്ങളെയാണ് ഇതിനെ തുടർന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

എറണാകുളം കോതമംഗലം ഭൂതത്താൻകെട്ട് ഇടമലയാർ റോഡിൽ കലുങ്ക് ഇടിഞ്ഞ് വീണതോടെ രണ്ട് ആദിവാസിക്കുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. തിരുവല്ലയിലും കണ്ണൂരിലുമായി രണ്ട് പേർ മരിച്ചു. മലപ്പുറത്ത് ബോട്ട് മുങ്ങി ഒരാളെ കാണാതായി. രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കോഴക്കോടിന്റെ കിഴക്കൻ മേഖലകളിൽ വനത്തിനുളളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഇതേതുടർന്നുണ്ടായ മലവെളളപ്പാച്ചിലിൽ പുല്ലൂരാൻപാറ, ആനക്കാംപൊയിൽ, തുഷാരഗിരി എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായി. തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലായി മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായി. 100 ഹെക്ടറലധികം കൃഷി നശിച്ചു.

പാലക്കാട് കല്ലടക്കോട്, പാലക്കയം മേഖലയിൽ ഉരുൾപൊട്ടി രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായി റബ്ബർ മരങ്ങൾ കടപുഴകി വീഴുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു. വയനാട് പലയിടത്തും കനത്ത മഴ തുടരുന്നു. പൊന്നാനി അഴിമുഖത്ത് ഫൈബർ ബോട്ട് മുങ്ങി പാനൂർ സ്വദേശി ഹംസയെ കാണാതായി. തിരുവല്ല നിരണത്ത് ഇന്നലെ രാത്രി മീൻപിടിക്കുന്നതിനിടെ വെളളത്തിൽ വീണ കൊല്ലതാഴ്ചയിൽ ഷെരീഫ് മുങ്ങി മരിച്ചു.

അതേസമയം, കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില സ്‌കൂളുകളിൽ അതത് ജില്ലാ കളക്‌ടർമാർ വ്യാഴാഴ്‌ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം നഗരസഭ, ആർപ്പൂക്കര, അയ്‌മനം, കുമരകം, മണർക്കാട്, തിരുവാർപ്പ്, വിജയപുരം പഞ്ചായത്തുകളിലും ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് എന്നീ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ സർക്കാർ ബോർഡുകൾ നടത്താനിരുന്ന ഒരു പരീക്ഷകളും മാറ്റിയിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ