നായയുടെ ശരീരത്തിൽ ടാറൊഴിച്ച് റോളർ കയറ്റി കണ്ണില്ലാത്ത ക്രൂരത ആഗ്രയിലെ ഫത്തേഹാബാദിൽ
June 14, 2018, 12:20 am
ആഗ്ര: മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതകൾക്ക് ഒരു അറുതിയുമില്ലെങ്കിലും ഏറ്റവുമൊടുവിൽ ആഗ്രയിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ ഏതൊരാളുടെയും കരളലിയിക്കുന്നതാണ്. ശരീരത്തിന്റെ പകുതി റോഡ് ടാറിനുള്ളിലും ബാക്കി പുറത്തുമായി കിടക്കുന്ന നായയുടെ ചിത്രമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്.

റോഡ് ടാറിംഗിനിടെ റോഡരികിൽ കിടന്നിരുന്ന നായയുടെ പുറത്തു ടാറൊഴിച്ച്, റോഡ് റോളർ കയറ്റി ടാർ ചെയ്യുകയായിരുന്നു. ചൊവ്വ രാത്രി ആഗ്രയിലെ ഫത്തേഹാബാദിൽ ഫൂൽ സയേദ് ക്രോസിങ്ങിൽനിന്ന് താജ്മഹൽ ഭാഗത്തേക്കുള്ള റോഡിലാണ് സംഭവം. ശരീരത്തിന്റെ പാതിഭാഗം തിളച്ച ടാറിനുള്ളിലും ബാക്കി പുറത്തുമായി നായ ജീവനുവേണ്ടി പിടഞ്ഞുകരഞ്ഞെന്നും എന്നാൽ, റോഡുപണിക്കാർ നായയെ അവഗണിച്ച് റോഡ് റോളർ കയറ്റിയിറക്കിയെന്നുമാണ് സമീപവാസികൾ പറയുന്നത്. നായയുടെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നായയുടെ ശവശരീരം കാണാതായെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാരും മൃഗസംരക്ഷണ പ്രവർത്തകരും റോഡ് നിർമാണക്കമ്പനിയുടെ വാഹനങ്ങൾ തടയുകയും നടപടിയാവശ്യപ്പെട്ട് ആഗ്രയിലെ സദർ‌ പൊലീസ് സ്റ്റേഷനു മുമ്പിൽ തടിച്ചുകൂടുകയും ചെയ്തു. അതേസമയം, ടാറിംഗ് നടന്നത് രാത്രിയായതിനാൽ നായ കിടക്കുന്നതു ശ്രദ്ധയിൽപെട്ടില്ലെന്നാണ് നിർമാണ തൊഴിലാളികളുടെ വിശദീകരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ