'അശാന്തം' ശാന്തമായി പറയുന്നത്
June 13, 2018, 2:53 pm
സേതുലക്ഷ്‌മി
അശാന്തമായ ചില സംഭവങ്ങൾ മുറിവേൽപ്പിച്ച മനസിന്റെ കാഴ്ചകളുമായി സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ ഹ്രസ്വചിത്രം 'അശാന്തം' പ്രദർശനത്തിനൊരുങ്ങുന്നു. 15ന് വൈകിട്ട് ആറിനും 6.30നും ചിത്രത്തിന്റെ പ്രദർശനങ്ങൾ തൃശൂർ റീജിയണൽ തിയേറ്ററിൽ നടക്കും. സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദ് പ്രദർശനം ഉദ്ഘാടനം ചെയ്യും.

ദൃശ്യഭാഷയിലും അവതരണത്തിലും പുതുമ പുലർത്തുന്ന അശാന്തം മലയാളത്തിലെ ആദ്യ പ്രതിഷ്ഠാപന ഹ്രസ്വചിത്രം കൂടിയാണ്. 16 മിനിറ്റുള്ള ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത് റോണി ജോൺസിയാണ്. ഡോ. ടെസി റോണിയുടെ കഥയ്ക്ക് പി.എൻ.ഗോപീകൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അശ്വഘോഷനും എഡിറ്റിംഗ് സുരേഷ് നാരായണനും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ പ്രിയനന്ദനൻ പങ്കുവയ്ക്കുന്നു.

അശാന്തം പറയുന്നത്
എന്തുകൊണ്ടു നാം ജാതി പറയുന്നവരായി മാറുന്നു, ജാതിയെ എങ്ങനെ മുതലെടുക്കുന്നു എന്നു ചിന്തിക്കണം. ഇത്തരം ചില ചൂണ്ടിക്കാണിക്കലുകളാണ് ഈ സിനിമ. ഒരു ചിത്രകാരനിലൂടെയും ചിത്രകാരിയിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത്. വെളുപ്പ്, കറുപ്പ് എന്നീ രണ്ട് വർണങ്ങളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ രണ്ടു മേഖലയിലയിലൂടെയാണ് ഇവരുടെ സഞ്ചാരം. അവരുടെ ചിന്തകളിലും മാനസിക വ്യാപാരങ്ങളിലുമൊക്കെ ഏറെ വ്യത്യാസങ്ങളുണ്ട്. ഒരു അടിമ ചിന്തിക്കുന്നതും ഉടമ ചിന്തിക്കുന്നതും ഒരുപോലെയല്ലല്ലോ. സംസ്‌കാരത്തിന്റെ ഒരു മാറ്റമാണത്. നമ്മളിൽ പലരും ഉടമയുടെ ചിന്തകളിലൂടെ മാത്രമാണ് പലപ്പോഴും കടന്നു പോകുന്നത്. അതിനു കാരണം നമ്മുടെ ഉള്ളിലെ ബോധം എപ്പോഴും വെളുത്തവന്റെ ബോധമാണ് എന്നതാണ്. ഏത് അവസ്ഥയിൽ നിന്നാണ് നാം ചിന്തിക്കേണ്ടത്, എങ്ങനെയാണ് ആലോചനകൾക്കുപോലും നിറം കടന്നു വന്നതെന്നുമൊക്കെയാണ് ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്.

അശാന്തരാണ് പലരും
പുറമേ കാണുന്ന ശാന്തതയ്ക്കപ്പുറമാണ് നമ്മൾ കാണുന്ന ഒരു വിഭാഗം മനുഷ്യരിപ്പോഴും കഴിഞ്ഞു പോകുന്നത്. വെളുത്തവന്റെ കാഴ്ചപ്പാടോടെയല്ല കറുത്തവരായ അവരെ നോക്കി കാണേണ്ടത്. അശാന്തത്തിലെ കറുത്തവനായ ചിത്രകാരനെ അവതരിപ്പിക്കുന്നതുപോലും രോഹിത് വെമൂലയുടെ ആത്മഹത്യാക്കുറിപ്പുമായി ബന്ധിപ്പിച്ചു കൊണ്ടാണ്.

കേരളത്തിലെ പ്രശസ്ത ചിത്രകാരനായ അശാന്തന് നേരിടേണ്ടി വന്ന അവസ്ഥ നമ്മൾ കണ്ടതാണ്. പന്തിഭോജനം അടക്കം നടന്ന നാട്ടിൽ അയാളുടെ മൃതദേഹം പോലും വയ്ക്കാൻ കഴിയാതെ വരിക. ദളിതർ എന്ന അടിസ്ഥാനത്തിൽ മാറ്റി നിർത്തപ്പെടുന്നവർ വർത്തമാന കാലത്തിൽ കേരളത്തിൽ പോലും പീഡിപ്പിക്കപ്പെടുന്നു എന്നു പറയുന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്. ഉള്ളിലെ ജാതി എന്തുകൊണ്ടാണിപ്പോഴും നമുക്ക് ഉപേക്ഷിക്കാൻ കഴിയാത്തത്? പുറമേ നമ്മൾ വിശുദ്ധനാണെന്ന് കാണിക്കുകയും അകത്ത് ഏറ്റവും വൃത്തികെട്ടവരായി മാറുകയും ചെയ്യുന്നത് എന്താണ്? അല്ലെങ്കിൽ അങ്ങനെയാക്കി മാറ്റുന്ന കാലമാണിത്. ഉളളുപൊള്ളിക്കുന്ന കാര്യങ്ങളാണിത്. അശാന്തം പിറന്നതും അവിടെ നിന്നാണ്.

ദുരവസ്ഥ
ഇന്നും നമ്മൾ പഴയ ദുരവസ്ഥയെ തന്നെ നേരിടുകയാണെന്നാണ് അശാന്തം പറയാൻ ശ്രമിക്കുന്നത്. ഇതിനെയൊക്കെ മറികടന്നൊരു ജനതയായിരുന്നു കേരളത്തിലേത്. ഇത്രയേറെ സാംസ്‌കാരകബോധം കൈവരിച്ചെന്നും പുരോഗമനം സംഭവിച്ചുമെന്നുമൊക്കെ അവകാശപ്പെടുന്ന കേരളത്തിൽ ഇത് സംഭവിക്കുമ്പോൾ ജാതീയതയ്‌ക്കെതിരെ നമുക്കുവേണ്ടി പോരാടിയവരേയും രക്തസാക്ഷിത്വംവഹിച്ചവരെയുമൊക്കെ മറക്കുകയാണ്. അവരുടെയൊക്കെ പ്രയത്നങ്ങളുടെ മൂല്യം ഇല്ലാതാക്കുകയാണ്. അവരൊക്കെ കത്തിച്ച വെളിച്ചത്തെ എത്ര പെട്ടന്നാണ് നാം ഊതി കെടുത്തുന്നത്. നമുക്കു കിട്ടുന്ന അടിയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.

രാഷ്ട്രീയമായി കാണണം
രാഷ്ട്രീയമായി എല്ലാത്തിനെയും നോക്കിക്കാണുന്ന ഒരാളാണ് ഞാൻ. പ്രണയത്തിനു പോലും രാഷ്ട്രീയമുണ്ടെന്നാണ് എന്റെ വിശ്വാസം. അതു കലരാത്തൊരു വിഷയം പറയാൻ എനിക്കു തോന്നാറില്ല. നമുക്ക് പറയാനുള്ളത് ധൈര്യമായി പറയുക. അതിൽ നിന്ന് ഒരിക്കലും പിന്നിലേക്ക് പോകാൻ ഞാനില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ