ഒറ്റനോട്ടത്തിൽ: നിപ്പ വൈറസ്, കോൺഗ്രസ് കലാപം, ദിലീപ്
June 13, 2018, 8:05 pm

1. നിപ വൈറസ് ബാധ നേരിടാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ഹൈക്കോടതി. സർക്കാർ നടപടികളിൽ സംതൃപ്തി അറിയിച്ച ഹൈക്കോടതി, നിസ്വാർത്ഥ സേവനം കാഴ്ചവച്ച ആരോഗ്യ പ്രവർത്തകരെയും അടിയന്തര സാഹചര്യത്തിൽ എല്ലാ സഹായവും ഉറപ്പാക്കിയ കേന്ദ്രസർക്കാരിനെയും അഭിനന്ദിച്ചു. കാഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ മെയ് ആദ്യവാരമാണ് നിപ വൈറസ് ബാധ കണ്ടെത്തിയത്.

2. നിപ കേസുകൾ റിപ്പോർട്ട് ചെയ്തയുടൻ പ്രകൃതി ചികിത്സകർ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരി, മോഹനൻ വൈദ്യർ എന്നിവർ സോഷ്യൽ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. നിപ വൈറസ് വിദേശ മരുന്ന് കമ്പനികളുടെ നിർമിതിയാണെന്നും ആരോപണം ഉയർന്നു. ഈ വീഡിയോകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നിയമവിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ഇവ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

3. പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടും കലാപത്തിന് കുറവില്ലാതെ കോൺഗ്രസ്. വിലക്കിന് പുല്ലുവിലയുമായി കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും അപകടങ്ങൾ ചൂണ്ടിക്കാട്ടിയും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരൻ. കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയത് ഹിമാലയൻ ബ്ലണ്ടർ. ബി.ജെ.പിയോടും സി.പി.എമ്മിനോടും വിലപേശിയ ആളാണ് കെ.എം.മാണി. കേരള കോൺഗ്രസ് നാളെ ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്. ചാഞ്ചാട്ടക്കാരനായ മാണിക്കൊപ്പം കൂട്ടുചേരുമ്പോൾ കൂടിയാലോചനകൾ നടത്തണം ആയിരുന്നു എന്നും സുധീരൻ.

4. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും ചേർന്ന് എടുത്ത തീരുമാനം ബി.ജെ.പിക്ക് എതിരെ രാഹുൽ ഗാന്ധി നടത്തുന്ന നീക്കങ്ങളെ ദുർബലപ്പെടുത്തും. സീറ്റ് നൽകിയതിൽ ഒളി അജൻഡ ഉണ്ടെന്ന് വ്യക്തമാക്കിയ സുധീരൻ, കോൺഗ്രസുകാർക്ക് സീറ്റ് കിട്ടരുത് എന്ന താല്പര്യമാണ് മുന്തിനിന്നത് എന്നും ആവർത്തിച്ചു. പരസ്യ പ്രസ്താവന ഒറ്റമൂലി അല്ല. തെറ്റ് പറ്റിയാൽ തുറന്ന് സമ്മതിക്കണം. നേതാക്കളുടേത് സങ്കുചിത മനോഭാവം എന്നും സുധീരൻ

5. ഉമ്മൻചാണ്ടിയും എം.എം.ഹസ്സനും പരസ്യമായി പല തവണ അച്ചടക്കം ലംഘിച്ചവർ. താൻ കെ.പി.സി.സി പ്രസിഡന്റ് ആയത് ഉമ്മൻചാണ്ടിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. കേരളത്തിലെ കോൺഗ്രസിലേക്ക് തന്നെ ആരും കെട്ടിയിറക്കിയതല്ല. പാർട്ടിയിൽ വളർന്നത് കഠിനമായ പ്രവർത്തനത്തിലൂടെ. കോൺഗ്രസ് നേതാക്കളുടെ തെറ്റായ തീരുമാനങ്ങൾക്ക് എതിരെ പരസ്യ പ്രതികരണം തുടരും എന്നും പ്രഖ്യാപനം.

6. നെൽവയൽ നീർത്തട നിയമത്തിൽ നഗര പ്രദേശങ്ങൾക്ക് ഇളവില്ല. സർക്കാർ തീരുമാനം, ഉഭയകക്ഷിയോഗത്തിലെ സി.പി.ഐ എതിർപ്പിനെ തുടർന്ന്. നിയമത്തിന്റെ അന്തസത്ത ചോരുന്ന ഇളവുകൾ അനുവദിക്കാൻ ആവില്ല എന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്ക് ഇളവ് നൽകാൻ ആയിരുന്നു സർക്കാർ നീക്കം. ഉന്നതതല യോഗത്തിലും സി.പി.ഐ മന്ത്രിമാർ രേഖപ്പെടുത്തിയത്, ശക്തമായ എതിർപ്പ്. ഭേദഗതി ബിൽ നിയമസഭയുടെ പരിഗണനയിൽ ഇരിക്കെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്

7. സർക്കാർ നിയമത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്, നഗരപ്രദേശങ്ങളിൽ വയൽ നികത്തലുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങൾ വരുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട്. വി.എസ് സർക്കാരിന്റെ കാലത്താണ് നെൽവയൽ തണ്ണീർത്തട നിയമം കൊണ്ടുവന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ സ്ഥലമെടുപ്പ് കണക്കിലെടുത്ത് നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. പൊതു ആവശ്യങ്ങൾക്കായി നെൽവയൽ നികത്തുമ്പോൾ സംസ്ഥാന സമിതിയുടെ ശുപാർശകൾക്ക് അനുസരിച്ച് തീരുമാനം എടുക്കാം എന്നായിരുന്നു ഭേദഗതി

8. നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ. പൊലീസിന്റെ അന്വേഷണം നിഷ്പക്ഷം അല്ലെന്ന് ഹർജിയിൽ പരാമർശം. നടിയെ ആക്രമിച്ച ക്വട്ടേഷൻ സംഘാംഗം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് തന്നെ കേസിൽ പ്രതി ആക്കിയത് എന്നും തനിക്ക് എതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസിൽ പ്രതി ആക്കുകയായിരുന്നു എന്നും താരം

9. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ പുതിയ നീക്കം കേസിൽ വിചാരണ ആരംഭിക്കാൻ ഇരിക്കെ. നിലവിൽ പ്രോസിക്യൂഷൻ വാദം, സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ ദിലീപ് തന്നെ എന്ന്. നവംബർ 22ന് പ്രത്യേക അന്വേഷണ സംഘം അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്വട്ടേഷൻ കൊടുത്തതിന് പിന്നിൽ നടിയോടുള്ള വ്യക്തി വൈരാഗ്യം മാത്രം എന്ന് കുറ്റപത്രത്തിൽ പരാമർശം

10. ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് എതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിൽ പട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് യു.പി.എ സർക്കാരിന്റെ കാലത്ത് ഐ.എൻ.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാൻ അനുമതി നൽകിയെന്ന കേസിൽ. ഐ.എൻ.എക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തിന് എതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷം മെയ് 15ന്. കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്ത കാർത്തിയ്ക്ക് പിന്നീട് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ