സിന്തൈറ്റ് സമരം ഒത്തുതീർപ്പായി, തൊഴിലാളികൾ നാളെ മുതൽ ജോലിക്ക് കയറും
June 13, 2018, 8:25 pm
കോലഞ്ചേരി: സുഗന്ധവ്യഞ്ജന സംസ്‌കരണ രംഗത്തെ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ എറണാകുളം കോലഞ്ചേരി കടയുരുപ്പ് സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളികൾ നടത്തിവന്നിരുന്ന പണിമുടക്ക് സമരം ഒത്തുതീർപ്പായി. സ്ഥലംമാറ്റിയ തൊഴിലാളികളെ തിരികെ എടുക്കാമെന്നും പ്രതികാര നടപടിയുണ്ടാകില്ലെന്നും മാനേജ്‌മെന്റ് ഉറപ്പ് നൽകിയതോടെയാണ് സമരം ഒത്തുതീർപ്പായത്. നാളെ മുതൽ ജോലിക്ക് കയറുമെന്ന് തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്.

കമ്പനിയിലെ തൊഴിൽ പീഡനവും ജീവനക്കാരോടുളള വിവേചനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു തൊഴിലാളികൾ ആരംഭിച്ച സമരത്തെ തുടർന്ന് കഴിഞ്ഞ കുറേദിവസങ്ങളായി കമ്പനിയുടെ പ്രവർത്തനം തടസപ്പെട്ടിരുന്നു. ഇതിനിടെ സ്വതന്ത്ര തൊഴിലാളി സംഘടനയിൽപെട്ടവർ ജോലിക്ക് കയറാനായി എത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ പിന്തിരിപ്പിക്കുകയായിരുന്നു പതിവ്. സമരം അവസാനിപ്പിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥതല ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വിഷയം നിയമസഭയിൽ അടക്കം ചർച്ചയായതോടെയാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടത്.

തുടർന്ന് ലേബർ കമ്മിഷണറുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർക്കാൻ ധാരണയായത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ മാനേജ്‌മെന്റ് ഉപാധികളോടെ അംഗീകരിച്ചു. ജീവനക്കാരുടെ സസ്‌പെൻഷൻ നടപടികൾ പൂർണമായും പിൻവലിക്കും. സ്ഥലം മാറ്റിയ 14 പേരിൽ മൂന്ന് പേരുടെ ശിക്ഷാ നടപടികളും പിൻവലിക്കും. ഇതിൽ നാല് പേരെക്കൂടി മൂന്ന് മാസത്തിനകം തിരികെ എത്തിക്കും. ബാക്കിയുള്ളവരെ വിരമിക്കൽ ഒഴിവ് വരുന്നത് അനുസരിച്ച് തിരികെ കൊണ്ടുവരുമെന്നും തൊഴിലാളികളോട് പ്രതികാര നടപടി ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ