പരസ്യ പ്രസ്‌താവനയ്‌ക്കില്ല, വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി ഉമ്മൻചാണ്ടി
June 13, 2018, 9:58 pm
തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ വിവാദങ്ങളിൽ പരസ്യ പ്രസ്‌താവന നടത്താൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ നടത്തിയ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനോടുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷം ആന്ധ്രാപ്രദേശിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയെ സ്വീകരിക്കാൻ നിരവധി പ്രവർത്തകർ വിമാനത്താവളത്തിലെത്തിയിരുന്നു.

ആന്ധ്രയിലേക്ക് പോകേണ്ടതിനാൽ കെ.പി.സി.സി നേതൃ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനോടും പറഞ്ഞിരുന്നു. തനിക്ക് പങ്കെടുക്കണമെങ്കിൽ നേതൃയോഗം മാറ്റിവയ്‌ക്കണം. നിലവിലെ സാഹചര്യത്തിൽ തനിക്ക് വേണ്ടി യോഗം മാറ്റിവയ്‌ക്കണമെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാൽ യോഗത്തിൽ താൻ പങ്കെടുക്കാത്തതിനെ കുറിച്ച് ശരിയായ കാര്യങ്ങളല്ല ഇപ്പോൾ പ്രചരിക്കുന്നത്. തന്റെ അസാന്നിധ്യം വ്യാജ പ്രചാരണങ്ങൾക്കിടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയിലെ നേതൃത്വത്തെ കാണാനാണ് താൻ പോയത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയായിരുന്നു. അവിടുത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പരസ്യ പ്രസ്‌താവനകൾ ഒഴിവാക്കണമെന്ന് ആന്ധ്രയിലെ പ്രവർത്തകരോടും താൻ ആവശ്യപ്പെട്ടതായി ഉമ്മൻചാണ്ടി വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ