ശബരിമല സ്‌പെഷ്യൽ ബസുകളിൽ സ്ത്രീകളെ വിലക്കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി
June 13, 2018, 11:17 pm
കൊച്ചി: ശബരിമല സ്പെഷ്യൽ ബസുകളിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനയിലെ അവകാശങ്ങളുടെ ലംഘനമാവുമെന്നും ഈ വിവേചനം പൊതു ഗതാഗത സംവിധാനത്തിൽ സാദ്ധ്യമല്ലെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു.
ശബരിമല സർവീസുകളിൽ സ്ത്രീകളെ കയറ്റരുതെന്നും ഇവയിൽ ഉയർന്ന നിരക്ക് ഇൗടാക്കരുതെന്നും ആവശ്യപ്പെട്ട് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണ് കെ.എസ്.ആർ.ടി.സി ഇക്കാര്യം വ്യക്തമാക്കിയത്.

അയ്യപ്പ ഭക്തർക്കു വേണ്ടിയുള്ള സർവീസുകളിൽ പ്രായപരിധി ഇല്ലാതെ സ്ത്രീകളെ കയറ്റുന്നത് ആചാരലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ ബസുകളിൽ വിവേചനമില്ലാതെ ഭക്തർ ശബരിമലയിൽ എത്തുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലാ ഒാഫീസർ പി.എൻ. ഹേന സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. നിയമപ്രകാരമുള്ള പൊതു ഗതാഗത സർവീസാണ് കെ.എസ്.ആർ.ടി.സി. പല സ്ഥലങ്ങളിൽ നിന്ന് പമ്പയിലേക്കും നിലയ്‌ക്കലിലേക്കും സർവീസ് നടത്തുന്നുണ്ട്. ഇൗ ബസുകളിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതിയുടെ ലംഘനമാവും. ജാതി, വർഗം, ലിംഗം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വിവേചനം പാടില്ലെന്നും ഭരണഘടനയിലുണ്ട്. അതിനാൽ സ്ത്രീകളുടെ യാത്ര തടയാനാവില്ല.
സൂപ്പർ ക്ളാസ് ബസുകളിൽ ഉൾപ്പെടെ യാത്രക്കാരെ നിറുത്തിക്കൊണ്ടുപോവരുതെന്ന ഹർജിക്കാരന്റെ ആവശ്യം അനുവദിക്കാനാവില്ല. സീറ്റിന്റെ 25 ശതമാനം യാത്രക്കാരെ നിറുത്താമെന്ന് മോട്ടോർ വാഹന ചട്ടത്തിൽ പറയുന്നുണ്ട്.

ശബരിമല സർവീസുകളിൽ കൂടിയ നിരക്ക് ഈടാക്കുന്നത് സർക്കാരിന്റെ വിജ്ഞാപനം അനുസരിച്ചാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ