ദിലീപിന്റെ ശ്രമം കേസിലെ വിചാരണ വൈകിപ്പിക്കാനെന്ന് പ്രോസിക്യൂഷൻ
June 14, 2018, 1:20 pm
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ തുടങ്ങാനിരിക്കെ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. ഹർജി ജൂലൈ നാലിന് പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐയ്‌ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ഹർജിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു.

അറസ്റ്റിലായ ആദ്യ പ്രതികൾ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയതെന്നും അത് ദുരുദ്ദേശ്യപരമാണെന്നും ഹർജിയിൽ ദിലീപ് ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അറിവോ പങ്കാളിത്തമോ ഇല്ലാത്ത തന്നെ പ്രതിയാക്കിയത് അസാധാരണ നടപടിയാണ്. സത്യം പുറത്തുകൊണ്ടുവരാൻ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു ഏജൻസിയെ അന്വേഷണം ഏല്പിക്കണം. ഇല്ലെങ്കിൽ സത്യം എന്നേക്കുമായി കുഴിച്ചുമൂടപ്പെടും. ന്യായമായ അന്വേഷണവും വിചാരണയും ഭരണഘടന നൽകുന്ന അവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവനടിയെ ആക്രമിച്ച സംഭവത്തിൽ 2017 ജൂലായ് പത്തിനാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിനുമുമ്പ് പൾസർ സുനിയടക്കം ഏഴ് പ്രതികൾക്കെതിരെ 2017 മാർച്ച് 18ന് അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ദിലീപിനെ പിന്നീട്‌ അറസ്‌റ്റുചെയ്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ