'നിങ്ങൾ ഇല്ലാത്ത ഈ ലോകം ഒരിക്കലും മെച്ചപ്പെട്ടതാകില്ല', ബോർദൈനിന്റെ മരണത്തിൽ മമ്മൂട്ടി
June 10, 2018, 11:00 am
പ്രശസ്‌ത പാചക വിദഗ്‌ദൻ ആന്റണി ബോർദൈനിന്റെ മരണം ലോകത്തെമ്പാടുമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകർ ഞെട്ടലോടെയാണ് കേട്ടത്. ബോർദൈൻ തനിക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നുവെന്ന് പറയുകയാണ് മലയാളത്തിന്റെ മെഗാ സ്‌റ്റാർ മമ്മൂട്ടി.

പോക്കിരി രാ‌ജ എന്ന ചിത്രം മുതലാണ് ബോർദൈനുമായുള്ള തന്റെ സൗഹൃദം ആരംഭിക്കുന്നതെന്ന് മമ്മൂട്ടി ഓർത്തു. തന്റെ ഫേസ്‌ബുക്കിലൂടെ മമ്മൂട്ടി കുറിച്ച വാക്കുകൾ-

ആന്റണി ബോർദൈനെ ആദ്യം കാണുന്നത് 'പോക്കിരിരാജ'യുടെ ഷൂട്ടിംഗ് സമയത്താണ്. എന്റെ കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തിന്റെ ടിവി പ്രോഗ്രാമുകൾ പരിചയമായിരുന്നത്ര പരിചയമില്ലായിരുന്നു അവയെക്കുറിച്ചെനിക്ക്. അദ്ദേഹത്തെ കണ്ടതും, ഒപ്പം നടത്തിയ ഷൂട്ടിംഗും, എന്റെ വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടു വന്ന പുട്ടും മീൻ കറിയും സ്‌നേഹത്തോടെ കഴിച്ചതുമെല്ലാം ഓർമ്മയിൽ വരുന്നു. അന്ന് മുതൽ ഞാൻ ആന്റണി ബോർദൈനിന്റെ ടി വി പ്രോഗ്രാമുകളായ 'നോ റിസർവേഷൻസ്' അഥവാ 'പാർട്‌സ് അൺനോൺ' എന്നിവ മുടങ്ങാതെ കാണുമായിരുന്നു. വിവിധ ഭക്ഷണ രീതികളേയും സംസ്‌ക്കാരങ്ങളെയും ഷോ കേസ് ചെയ്‌ത് കൊണ്ട് ലോകത്തെ പരസ്‌പരം അടുപ്പിക്കുകയായിരുന്നു ആന്റണി ബോർദൈൻ.

പിന്നീട് അമേരിക്കയിൽ പോയപ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ ടീം അംഗങ്ങളും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു, വളരെ സ്‌നേഹത്തോടെ അവിടെയെല്ലാം ചുറ്റി നടന്നു കാണിച്ചു. ആന്റണി ബോർദൈൻ എനിക്കൊപ്പം നടത്തിയ ഷൂട്ടിംഗ് ചിത്രങ്ങളുള്ള മലയാള പത്രക്കുറിപ്പുകൾ പതിച്ച ആ ഓഫീസിന്റെ ചുമരുകൾ കണ്ടു എനിക്ക് അഭിമാനം തോന്നി.

ഒരിക്കൽ മാത്രം കണ്ട എനിക്ക് പോലും അദ്ദേഹത്തിന്റെ വിയോഗ വാർത്ത വലിയ ഞെട്ടലുണ്ടാക്കി. അത്രയ്‌ക്കായിരുന്നു ആന്റണി ബോർദൈൻ ഷോകൾ ലോകത്ത് ഉണ്ടാക്കിയ പ്രഭാവം. നിങ്ങൾ ഇല്ലാത്ത ഈ ലോകം ഒരിക്കലും മെച്ചപ്പെട്ടതാകില്ല ബോർദൈൻ' -മെഗാ സ്‌റ്റാർ കുറിച്ചു.

ആന്റണി ബോർദൈനിന്റെ മരണ വാർത്ത അറിഞ്ഞയുടനെ തന്നെ ദുൽഖർ സൽമാനും സോഷ്യൽ മീഡിയയിലൂടെ തന്റെ അനുശോചനം അറിയിച്ചിരുന്നു. അച്ഛനൊപ്പം ന്യൂയോർക്ക് നഗരത്തിലെ ആന്റണി ബോർദൈനിന്റെ ഓഫീസിൽ ചെന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ടീമിന്റെ ഊഷ്‌മളമത ധാരാളമായി കണ്ടിട്ടുണ്ട് എന്നും ദുൽഖർ കുറിച്ചു.

ആന്റണി ബോർദൈനിന്റെത് ആത്മഹത്യയാണ് എന്നാണ് കരുതപ്പെടുന്നത്. സി എൻ എന്നിലെ തന്റെ പുതിയ ഷോ ആയ 'പാർട്‌സ് അൺനോണി'ന്റെ ഷൂട്ടിംഗുമായി ബന്ധപെട്ട് ഫ്രാൻസിലെത്തിയ അദ്ദേഹത്തെ സ്ട്രാ‌സ്‌‌ബോഗ് നഗരത്തിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ