വെള്ളത്തിലൂടെ ടാക്‌സിയിൽ പായാം, കുറഞ്ഞ ചെലവിൽ
June 11, 2018, 1:33 am
തിരുവനന്തപുരം: ദുബായിൽ സഞ്ചാരികളുടെ പ്രീയപ്പെട്ട വാട്ടർടാക്സി ആറുമാസത്തിനകം കേരളത്തിലെ കായലുകളിൽ കുതിക്കും. ആദ്യം ആലപ്പുഴയിലും കൊച്ചിയിലുമായിരിക്കും വാട്ടർടാക്സികൾ ഓടുക. ഇതിന് കേന്ദ്ര ഷിപ്പിംഗ് രജിസ്ട്രാറുടെ അനുമതി ലഭിച്ചു.ഓൺലൈൻ ടാക്സി പോലെ പ്രത്യേക നമ്പരിൽ വിളിച്ചാൽ ആവശ്യപ്പെടുന്ന സ്ഥലത്ത് വാട്ടർ ടാക്സിയെത്തും. കായലോരങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വാട്ടർ ടാക്സി ലഭിക്കും.

ആലപ്പുഴയിൽ സഞ്ചാരികൾക്കായി ഹൗസ്ബോട്ടുകളും ശിക്കാർ വള്ളങ്ങളും മോട്ടോർ ഘടിപ്പിച്ച വള്ളങ്ങളുമുണ്ട്. മണിക്കൂറിന് 1000 രൂപ മുതൽ 2500രൂപ വരെ നൽകണം. വാട്ടർ ടാക്‌സിക്ക് ഇതിന്റെ പകുതി നിരക്കേ ഉണ്ടാവൂ.

വിദേശികൾക്ക് ഉൾപ്പെടെ കൊച്ചിയിൽ നിന്ന് കൊല്ലം വരെ കായൽ സഞ്ചാരത്തിനും വാട്ടർടാക്സി ഉപയോഗിക്കാം. ദേശീയ ജലപാത സജ്ജമാകുന്നതോടെ കോവളം വരെയും എത്താം. വാട്ടർടാക്സിയുടെ സാങ്കേതികവിദ്യ, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഷിപ്പ് ബിൽഡിംഗ് ടെക്നോളജി അസോ.പ്രൊഫസർ ഡോ.സുധീർ, തുറമുഖവകുപ്പ് ചീഫ് എൻജിനീയർ, ജലഗതാഗത വകുപ്പിലെ മെക്കാനിക്കൽ എൻജിനീയർ, ട്രാഫിക് സൂപ്രണ്ട് എന്നിവരുടെ സമിതിയെ സർക്കാർ നിയോഗിച്ചു.

തുടക്കത്തിൽ രണ്ട് വാട്ടർടാക്സികളാവും സർവീസ് നടത്തുക. പതിനഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന കറ്റാമരൻ ബോട്ടുകളാണ് വാട്ടർടാക്സിക്കായി നിർമ്മിക്കുക. ഇവയ്‌ക്ക് സമാന്തരമായ രണ്ട് 'ഹൾ' (പള്ള ഭാഗം ) ഉള്ളതിനാൽ സ്പീഡ്ബോട്ടുകളെപ്പോലെ കുലുക്കമില്ലാതെ സുഖകരമായ യാത്ര സാദ്ധ്യമാവും. 15 നോട്ടിക്കൽ മൈൽ (30കിലോമീറ്റർ) വേഗതയിലാവും വാട്ടർടാക്സികൾ ഓടുക. എറണാകുളത്തെ ഏജൻസിയാണ് അഞ്ച് വർഷത്തെ അറ്റകുറ്റപ്പണി കരാറോടെ സർക്കാരിന് വാട്ടർടാക്സി നിർമ്മിച്ച് നൽകുക.

50ലക്ഷം
ഒരു വാട്ടർടാക്സിക്ക് 50ലക്ഷം വിലവരും. ഇറക്കുമതി ചെയ്‌താൽ വില ഇരട്ടിയാകും

''രണ്ട് കുടുംബങ്ങൾക്ക് സുഖമായി വാട്ടർടാക്സിയിൽ യാത്രചെയ്യാം. കുറഞ്ഞ നിരക്കാവും.''
ഷാജി വി.നായർ
ഡയറക്ടർ, ജലഗതാഗത വകുപ്പ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ