'എന്നാലും ശരത്' - ഫസ്റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തിറക്കി
June 14, 2018, 2:21 pm
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്യുന്ന 'എന്നാലും ശരത്' എന്ന സിനിമയുടെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്‌റ്റർ പുറത്ത് വിട്ടത്. പതിവ് കുടുംബകഥ വിട്ട് ന്യൂജെൻ പിള്ളേരെക്കൂടി ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ക്യാന്പസ് പശ്ചാത്തലത്തിലാണ് ഇത്തവണ ബാലചന്ദ്ര മേനോൻ സിനിമയൊരുക്കുന്നത്.

ചാർളി ജോ, നിധി അരുൺ, നിത്യ നരേഷ്, ജോഷി മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 'എ കട്ട സസ്‌പെൻസ്' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞയാഴ്ച നടന്നിരുന്നു.

സമമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കൃഷ്ണകല ക്രിയേഷൻസിന്റെ ബാനറിൽ ആർ.ഹരികുമാറാണ് ചിത്രം നിർമ്മിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ 'ഞാൻ സംവിധാനം ചെയ്യും' ആണ് ബാലചന്ദ്ര മേനോൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

പോസ്‌റ്റർ പുറത്തിറക്കിയതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ എഴുതിയ കുറിപ്പ്

ഈ പോസ്റ്റർ കാണുന്ന നിങ്ങളുടെ മുഖത്തു ഞാൻ ഒരു കുസൃതിച്ചിരി കാണുന്നുണ്ട്. അതിന്റെ കാരണവും എനിക്കൂഹിക്കാൻ കഴിയും. 'ഇങ്ങേർക്കിതു എന്ത് പറ്റി ? മര്യാദക്ക് കുടുംബ കഥകളുമായി സ്വസ്ഥമായി കഴിഞ്ഞിരുന്നതാണല്ലോ ! ദേ , ഇപ്പം എന്താ ഇങ്ങിനെ ?' ആ ചോദ്യം ന്യായം . ഞാനും അഭിമാനത്തോടെ സമ്മതിക്കുന്നു , കുറച്ചൊക്കെ ഞാനും മാറാൻ തീരുമാനിച്ചു . അടുക്കളയിലെയും കിടപ്പുമുറിയിലെയും ഒക്കെ കാര്യങ്ങൾ മാത്രംഇന്ന് സിനിമക്ക് മതിയാവില്ല . ഇവിടുത്തെ ചെറുപ്പക്കാർ ആണ് ശരിക്കും സിനിമയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത് . ഞാൻ ഇത്തവണ അവരോടൊപ്പം കൂടുകയാണ് . എന്ന് കരുതി എന്റെ കുടുംബസദസ്സുകളെ ഒരിക്കലും കൈ വെടിയുകയില്ല .കാര്യം സസ്‌പെൻസ് ഒക്കെ ആണെങ്കിലും ഹൃദയമുള്ളവർക്കു ഇറ്റു കണ്ണീരു ഉതിർത്താനുള്ള ഒരു രംഗമെങ്കിലും എന്റെ സിനിമയിൽ ഉണ്ടാകാതിരിക്കില്ല. ഞാൻ തന്നെ പണ്ട് പറഞ്ഞത് പോലെ ' ജെയിംസ് ബോണ്ടിനെ വെച്ചും ഞാൻ സിനിമയെടുക്കാം . പക്ഷെ എന്റെ ജെയിംസ് ബോണ്ട് ഇടിക്കുന്ന ഓരോ ഇടിയുടെയും പിന്നിൽ 'കട്ട ' സെന്റിമെന്റ്സ്ഉണ്ടായിരിക്കും. ഇവിടെയും സംഗതി അത് തന്നെ . പക്ഷെ ഇതിൽ നിങ്ങൾക്കായി ഞാൻ ' കട്ട' സസ്‌പെൻസ് ഒളിച്ചു വെച്ചിട്ടുണ്ട്
ഇനി എന്തുണ്ടെങ്കിലും ഇല്ലേലും ആദ്യ ദിവസം തന്നെ എന്റെ സിനിമ കാണാൻ തയേറ്ററിൽ തന്നെ വരണം. ഒത്തിരി ഒത്തിരി നന്ദി !
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ