ഉരുൾപൊട്ടലിൽ മരണം ആറായി,​ വ്യാപക നാശനഷ്ടം,​ ജില്ലകൾക്ക് സഹായം
June 14, 2018, 6:03 pm
കോഴിക്കോട്: കലിതുള്ളിയെത്തിയ കാലവർഷത്തിനൊപ്പം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കോഴിക്കോട്,​ മലപ്പുറം ജില്ലകളിൽ വൻനാശം വിതച്ചു. ഉരുൾപൊട്ടലിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. താമരശ്ശേരി കരിഞ്ചോലയിൽ അബ്ദുൾ സലീമിന്റെ മകൾ ദിൽന (ഒമ്പത്), സഹോദരൻ മുഹമ്മദ് ഷഹബാസ് (3)​,​ കരിഞ്ചോല സ്വദേശി ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (5)​, അബ്ദുറഹിമാൻ (60),​ സുരേഷ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിക്ക് ഉണ്ടായ ഉരുൾപൊട്ടലിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. താമരശേരി കട്ടിപ്പാറയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഏഴ് പേരെ കാണാതായി. മലപ്പുറത്ത് എടവണ്ണയിലും കോഴിക്കോട് പുല്ലൂരാംപാറ ജോയ് റോഡ്, താമരശേരി കരിഞ്ചോല, കാരശേരി തണ്ണിപ്പടി എന്നിവിടങ്ങളിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കക്കയം, മങ്കയം, ഇരിങ്ങപാറ, കരുവൻപൊയിൽ, ചമൽ എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായ. കട്ടിപ്പാറ, കരിഞ്ചോല ഭാഗങ്ങളിൽ ആറോളം വീടുകൾ മണ്ണിനടിയിലായി. ദുരന്തനിവാരണ സേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി വരികയാണ്. കോഴിക്കോട് പുനൂർ പുഴ കര കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ കോഴിക്കോട് - വയനാട് പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കരിഞ്ചോലയിൽ ഒഴുക്കിൽപ്പെട്ട കുടുംബത്തെ രാവിലെ രക്ഷിച്ചു. ഇവിടെ നിരവധി വീടുകൾ ഒഴുകിപ്പോയി. അതിനിടെ കരിഞ്ചോലയിലെ ഉരുൾപൊട്ടലിന് കാരണം അനധികൃതമായി നിർമിച്ച ജലസംഭരണിയാണെന്ന് ആരോപണം ഉയർന്നു. ഈ സംഭരണ മഴയിൽ പൊട്ടിത്തകർന്നു.

അതേസമയം,​ തോരാമഴ വ്യാപക നാശനഷ്ടം വിതച്ച വടക്കൻ ജില്ലകൾക്ക് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ഏഴ് ദുരിത ബാധിത ജില്ലകൾക്ക് ധനസഹായം നൽകും. മഴ ഏറ്റവും ദുരിതം വിതച്ചകോഴിക്കോട് ജില്ലയ്ക്ക് 90 ലക്ഷം രൂപ സഹായം നൽകും. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകൾക്ക് 55 ലക്ഷവും വയനാടിന് 50 ലക്ഷവും സഹായം. ഇടുക്കിക്കുംകോട്ടയത്തിനും 35 ലക്ഷം രൂപ വീതവുമാണ് സഹായം ലഭിക്കുക.

അടുത്ത 18 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം,കോഴിക്കോട് ജില്ലകളിലെ മലമ്പ്രദേശങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ താമസക്കാരെ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. വടക്കൻ ജില്ലകളിലേക്ക്‌കേന്ദ്ര ദുരന്ത നിവാരണസേനയുടെ ഒരു യൂണിറ്റുകൂടി എത്തും. ബീച്ചുകളിൽ വനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കുവാൻ നടപടി സ്വീകരിക്കാൻ ഡി.ടി.പി.സിക്ക് സർക്കാർ നിർദ്ദേശം നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ