കല്ലെറിഞ്ഞവരോട് സഹതാപം മാത്രം, സോഷ്യൽ മീ‌ഡിയ ക്രൂശിച്ച ഡോക്ടർ പറയുന്നു
June 14, 2018, 6:28 pm
തിരുവനന്തപുരം: കല്ലന്പലം ചാത്തന്പാറ ആശുപത്രിയിൽ വച്ച് യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡോ. ബെബിൻ ഷെറിൻ രംഗത്തെത്തി. ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാൻ ഈ സംഭവത്തിൽ നിരപരാധിയാണെന്ന് അറിയുന്നത് കൊണ്ടും ക്രൂശിച്ചവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ഡോക്ടർ വ്യക്തമാക്കി.

സിസേറിയന് മുന്‍പായി ഡോക്ടർ അലർജി പരിശോധന നടത്താതെ കുത്തിവയ്‌പ്പെടുത്തെന്നും, ഫീസിന്റെ പേരിൽ ചികിത്സ വൈകിപ്പിച്ചുവെന്നും മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയെന്നുമായിരുന്നു ഡോക്ടർക്കെതിരെ ഉയർന്ന ആരോപണം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ കേരള സ്‌റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിശദീകരണവുമാ ഡോ. ബേബി ഷെറിൻ രംഗത്തെത്തിയത്.


കുറിപ്പിന്റെ പൂർണരൂപം

പ്രിയമുള്ളവരെ, ഞാൻ ‌ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.

ഒരു പ്രൈമറി സ്‌കൂൾ അധ്യാപകന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.

സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്‌ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്സുമായോ അഡ്മിനിസ്‌ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെയൊരാരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ