തിലകനോട് ഇറങ്ങിപോകാൻ പറയേണ്ടി വന്നിട്ടുണ്ടെന്ന് രഞ്ജിത്ത്
July 7, 2018, 3:57 pm
മഹാനടനായ തിലകനോട് ഷൂട്ടിംഗ് സെറ്റിൽ നിന്നും ഇറങ്ങി പോകാൻ തനിക്ക് പറയേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ രഞ്ജിത്ത്. താരങ്ങളുടെ വിലക്കും അതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളായ അമ്മയും ഫെഫ്‌കയും വിവാദങ്ങൾ നേരിടുന്നതിനിടെയാണ് രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ.

'സഹസംവിധായകനെ അധിക്ഷേപിച്ചതിനെ തുടർന്ന് എന്റെ ഒരു സെറ്റിൽ നിന്ന് തിലകനോട് ഇറങ്ങിപ്പോകാൻ പറയേണ്ടിവന്നിട്ടുണ്ട്. അതിന്റെ പേരിൽ വർഷങ്ങളോളം ഞാനും തിലകൻ ചേട്ടനും തമ്മിൽ മിണ്ടിയിട്ടില്ല'- രഞ്ജിത്ത് പറഞ്ഞു.

'കലാകാരൻമാർ പൊതുവേ കാര്യങ്ങളെ വൈകാരികമായി കാണുന്നവരാണ്, സംഭവങ്ങളോട് പെട്ടെന്നു പ്രതികരിക്കുന്ന രീതിയാണ് അവർക്ക്. തിലകൻചേട്ടനും സമാനസ്വഭാവമുള്ള വ്യക്തിയാണ്. അദ്ദേഹവും സിനിമാസംഘടനകളും തമ്മിലുണ്ടായിരുന്ന തർക്കങ്ങളും ഇത്തരം വൈകാരിക സമീപനങ്ങൾ കൊണ്ട് സംഭവിച്ച ചില പരിഭവങ്ങൾ മാത്രമായിരുന്നു.

'ഇന്ത്യൻ റുപ്പി' എന്ന ചിത്രം തുടങ്ങുന്നതിന് മുമ്പ് മുംബയിലെ ഒരുചടങ്ങിൽവച്ച് സിനിമാ സംഘടനകളുടെ ഭാരവാഹികളായിരുന്ന ബി. ഉണ്ണികൃഷ്ണനെയും ഇന്നസെന്റിനെയും കണ്ടപ്പോൾ താൻ അവരോട് പുതിയ ചിത്രത്തെ കുറിച്ച് സംസാരിച്ചു. പൃഥ്വീരാജും തിലകനുമാണ് പ്രധാനവേഷങ്ങളിലെന്നും, എന്തോ വിലക്കിനെക്കുറിച്ചൊക്കെ തിലകൻ ചേട്ടൻ പറഞ്ഞിരുന്നുവെന്നും താൻ സൂചിപ്പിച്ചപ്പോൾ ഇന്നസെന്റും ഉണ്ണിക്കൃഷ്ണനും ഒരേസ്വരത്തിൽ പറഞ്ഞത് വിലക്കുകളൊന്നുമില്ലെന്നും ധൈര്യമായി തിലകനെ വിളിക്കാമെന്നുമായിരുന്നു.

ധൈര്യക്കുറവൊന്നുമില്ല, നാളെയൊരു ചോദ്യവുമായി എന്റെടുത്ത് വരരുതെന്ന് പറഞ്ഞപ്പോൾ ഒരിക്കലുമില്ല, സംഘടനയ്‌ക്ക് ഒരു പ്രശ്‌നവുമില്ല എന്നുതന്നെയാണ് ഇരുവരും പറഞ്ഞത്. ചിത്രീകരണത്തിന്റെ ഒരുഘട്ടത്തിലും വിലക്കുമായി ആരും എത്തിയിരുന്നില്ല, അതിനുശേഷം അദ്ദേഹം എന്റെ 'സ്പിരിറ്റ്' എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു തരത്തിലുള്ള പ്രതിഷേധവും ആ സമയത്തൊന്നും സിനിമാ സംഘടനകളിൽ നിന്ന് എനിക്കോ തിലകൻ ചേട്ടനോ നേരിടേണ്ടിയും വന്നിട്ടില്ല-' രഞ്ജിത് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ