കണ്ടതല്ല മക്കളെ പക്കിയെ കാണാനിരിക്കുന്നതേയുള്ളു
July 8, 2018, 3:17 pm
നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആകാംക്ഷയ്‌ക്ക്, ചിത്രത്തിൽ ഇത്തിക്കരപക്കിയായി എത്തുന്ന സൂപ്പർ താരം മോഹൻലാലിനുള്ള പങ്ക് പറയേണ്ട കാര്യമില്ല. ഇത്തിക്കരപക്കിയായുള്ള ലാലിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ് സോഷ്യൽ മീഡിയയിൽ പ്രകമ്പനം സൃഷ്‌ടിച്ചിരുന്നു.

പറ്റേ വെട്ടിയ മുടിയും മേലോട്ട് പിരിച്ച മീശയുമായി ഒറ്റക്കണ്ണിറുക്കി വന്ന പക്കിയുടെ ഇന്ദ്രജാലം അവിടെ തീരുന്നില്ല എന്ന സൂചന നൽകി മറ്റൊരു ചിത്രം കൂടി പുറത്തു വന്നിരിക്കുകയാണ്. ഇത്തവണ തലപ്പാവും കഠാരയുമേന്തി യുദ്ധ സന്നാഹത്തോടെയാണ് പക്കിയുടെ വരവ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ലാലിന്റെ ഗെറ്റപ്പ് തന്നെയാണോ എന്നുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

ചിത്രത്തിന്റെ വരവറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നിവിന്റെ ലുക്കും പുറത്തു വന്നിരുന്നു. 161 ദിവസങ്ങൾ കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 45 കോടി മുതൽ മുടക്കിൽ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചുണ്ണിയുടെ സെറ്റിന് വേണ്ടി മാത്രം 12 കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയിൻ, മണികണ്‌ഠൻ ആചാരി, പ്രിയങ്ക തിമേഷ്, തെസ്‌നി ഖാൻ, ഷൈൻ ടോം ചാക്കോ, ജൂഡാ ആന്റണി, സുദേവ് നായർ, അശ്വിൻ ചന്ദ്രശേഖർ എന്നിങ്ങനെയുള്ള താരങ്ങൾക്കൊപ്പം പതിനായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ