കള്ളിനെ രക്ഷിക്കാനുള്ള 'ബോർഡി'ന് കാലുറയ്ക്കുന്നില്ല
July 12, 2018, 2:07 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം: കള്ള് വ്യവസായത്തെ രക്ഷപ്പെടുത്താനും തൊഴിലാളികളുടെ ക്ഷേമത്തിനുമായി പ്രഖ്യാപിച്ച ടോഡി ബോർഡ് നിലത്തുറയ്ക്കാതെ വട്ടം കറങ്ങുകയാണ്. ഇതിൻെറ കരട് രൂപം എക്സൈസ് കമ്മിഷണർ ഓഫീസിലും മന്ത്രിയുടെ ഓഫീസിലുമാണ്. ടോഡി ബോർഡ് രൂപീകരിക്കാത്തതിനാൽ മുമ്പ് പ്രവർത്തിച്ചുകൊണ്ടിരുന്ന ഷാപ്പുകളുടെ ലൈസൻസ് ഈ വർഷവും നീട്ടിനൽകിയിരിക്കുകയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ കരട് നോട്ട് സർക്കാരിന് കൈമാറുമെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. നോട്ട് കിട്ടിയശേഷം തുടർനടപടി ആവാമെന്ന് മന്ത്രിയുടെ ഓഫീസും. കള്ള് ഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിലും ചില സ്ഥലങ്ങളിൽ റേഞ്ച് അടിസ്ഥാനത്തിലും വില്പന നടത്തുമെന്നാണ് മദ്യനയത്തിൽ പറഞ്ഞിരുന്നത്.
ടോഡി ബോർഡിന്റെ ഘടനയെപ്പറ്റിയും ശുദ്ധമായ കള്ളിന്റെ ഉദ്പാദനം കൂട്ടാനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുംവേണ്ട നടപടികൾ സംബന്ധിച്ചുമാണ് കരട് തയ്യാറാക്കാൻ സർക്കാർ നിർദ്ദേശിച്ചത്.അബ്കാരി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാകേണ്ട നിയമാവലിയും തയ്യാറാവണം. മേഖലയിലെ വിവിധ ട്രേഡ് യൂണിയനുകളുമായും മന്ത്രി ചർച്ച നടത്തിയിരുന്നു.
എക്സൈസ് വകുപ്പ് കരട് നോട്ട് തയ്യാറാക്കി വകുപ്പ് മന്ത്രിക്ക് നൽകി. ഇംഗ്ളീഷിൽ തയ്യാറാക്കിയ നോട്ട് പോരെന്നും ഇംഗ്ളീഷിനൊപ്പം മലയാളത്തിലും ചില ഭേദഗതികളോടെ പുതിയ നോട്ട് തയ്യാറാക്കി നൽകാൻ നിർദ്ദേശിച്ച് മടക്കി. അബ്കാരി ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ മലയാളത്തിലുള്ള റിപ്പോർട്ട് തയ്യാറാക്കൽ അവസാന ഘട്ടത്തിലാണെന്ന് അറിയുന്നു. റിപ്പോർട്ട് കിട്ടിയാലും ഔദ്യോഗികതലത്തിലും ട്രേഡ് യൂണിയൻ തലത്തിലും ചർച്ചകൾക്കുശേഷമേ അന്തിമരൂപമാവൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ