അരി വെളുത്ത കള്ളപ്രചാരണത്തിന് പിന്നിൽ ബ്രാൻ‌ഡ് പോര്
July 11, 2018, 5:35 pm
കൊച്ചി: തിരുവനന്തപുരം ആൽത്തറയിൽ മട്ട ബ്രോക്കൺ അരി കഴുകിയപ്പോൾ പച്ചരിയായെന്ന് ആരോപിച്ച് വാട്സാപ്പ് വഴി പ്രചരിപ്പിച്ചതിന് പിന്നിൽ ബ്രാൻഡഡ് അരി നിർമാതാക്കൾ തമ്മിലുള്ള പോരെന്ന് വ്യക്തമായി. വിപണിയിൽ പ്രശസ്തമായ ഡബിൾ ഹോഴ്സ് അരിയെ കരിതേച്ചു കാണിക്കാൻ മന:പൂർവം മറ്റ് ചിലർ പിന്നിൽ നിന്ന് നടത്തിയ പ്രചാരണമാണിതെന്നാണ് സൂചന.
ഒരു വീട്ടമ്മയുടെ വീഡിയോ സന്ദേശത്തിലാണ് അരിക്കെതിരെ പ്രചാരണം നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പുകൾ ഇതേറ്റെടുത്തതോടെ വൈറലായി. മറ്റേതോ അരി കഴുകിയശേഷം ഡബിൾ ഹോഴ്സ് അരിയുടെ കവർ കാണിച്ച് ചിത്രീകരിച്ചതാണിതെന്നാണ് സൂചന. വിപണിയിൽ അരി നിർമാതാക്കൾ തമ്മിലുള്ള പോരാണ് പ്രചാരണത്തിന് കാരണമെന്നും അറിയുന്നു. കൊച്ചിയിലെ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഡബിൾ ഹോഴ്സ് അരിയിൽ യാതൊരു കൃത്രിമത്വവുമില്ലെന്ന് വ്യക്തമായതാണ്.
കഴിഞ്ഞ 59 വർഷമായി വിപണിയിൽ വിശ്വാസ്യത നേടിയ തങ്ങൾക്കെതിരെ ആസൂത്രിതമായ പ്രചാരണമാണ് നടത്തിയതെന്ന് ഡബിൾ ഹോഴ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗം സീനിയർ മാനേജർ ശശിധരൻ പറഞ്ഞു. ഒന്നു രണ്ടു ദിവസങ്ങളിലായി സമൂഹമാദ്ധ്യമങ്ങളിൽ ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ അരിയെക്കുറിച്ച് തെറ്റിദ്ധാരണജനകമായ ചില വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആ വീഡിയോ കാണുമ്പോൾ സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ഒരു ധാരണ ഇതിൽ കമ്പനി നിറം കലർത്തുന്നു എന്നാണ്. വാസ്തവത്തിൽ ഏതെങ്കിലും വിധത്തിലുള്ള കൃത്രിമ നിറങ്ങളോ രാസപദാർത്ഥങ്ങളോ കൃത്രിമ ചേരുവകളോ ഡബിൾ ഹോഴ്സിൽ ചേർക്കുന്നില്ല.
ബ്രോക്കൺ അരി കഴുകിവച്ച വെള്ളത്തിന്റെ നിറം തവടിന്റേതാണെന്ന് വളരെ സ്പഷ്ടമാണ്. അല്പം ശ്രദ്ധിച്ചാൽ അത് മനസിലാകും. ഈ വെള്ളം കുറച്ചുസമയം മാറ്റിവച്ചുകഴിഞ്ഞാൽ വെള്ളത്തിനടിയിൽ തവിട് ഉൗറിവരുന്നതായി മനസിലാക്കാൻ കഴിയും.
കഴിഞ്ഞ 59 വർഷമായി കേരളത്തിനകത്തും പുറത്തും മുപ്പതോളം വിദേശരാജ്യങ്ങളിലും ഡബിൾ ഹോഴ്സ് അരി വിതരണം ചെയ്യുന്നുണ്ട്. എല്ലാവിധത്തിലുമുള്ള ഗുണനിലവാരങ്ങളുടെ മാനദണ്ഡങ്ങളും പാലിച്ചാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നത്. അനവധി ഉപഭോക്താക്കൾ ഡബിൾ ഹോഴ്സ് അരി പ്രത്യേകം ആവശ്യപ്പെട്ട് വാങ്ങിക്കുന്നു. അവരെയൊക്കെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണമാണ് നടന്നതെന്ന് സീനിയർ മാനേജർ ശശിധരൻ പറഞ്ഞു
ഡബിൾ ഹോഴ്സ് ഉത്പന്നങ്ങളെക്കുറിച്ച് എന്തെങ്കിലും സംശയം ആർക്കെങ്കിലുമുണ്ടെങ്കിൽ ഏതെങ്കിലും സർക്കാർ അംഗീകൃത ലബോറട്ടറികളിൽ പരിശോധിക്കാവുന്നതും ഗുണനിലവാരം ഉറപ്പാക്കാവുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ