ജസ്നയ്ക്കുവേണ്ടി അനാഥാലയത്തിൽ തെരച്ചിൽ
July 11, 2018, 5:59 pm
ടി.എസ് സനൽകുമാർ
ചെങ്ങന്നൂർ: കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന മരിയാ ജയിംസിനെ കണ്ടെത്താൻ പൊലീസ് മുളക്കുഴയിലെ അനാഥാലയത്തിൽ നടത്തിയ തെരച്ചിലിൽ ചാണകക്കുഴിയിൽ നിന്നു അസ്ഥിക്കഷ്ണങ്ങൾ കണ്ടെടുത്തു. അസ്ഥിക്കഷ്ണങ്ങൾ മനുഷ്യന്റേതാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
മനുഷ്യാവകാശ പ്രവർത്തകനായ ചെങ്ങന്നൂർ സ്വദേശി പ്രദീപ് കോശി മുഖ്യമന്ത്രിക്കും ജില്ലാപൊലീസ് മേധാവിക്കും നൽകിയ പരാതിയെതുടർന്നാണ് നടപടി. കാണാതായ ജസ്ന ഉൾപ്പെടെ നിരവധി പേരെ അനാഥാലയത്തിലെത്തിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇവരിൽ ചിലർ മരിച്ചതായും മൃതശരീരം സമീപത്തെ തൊഴുത്തിന്റെ ചാണകക്കുഴിയിൽ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് സൂചിപ്പിച്ചിരുന്നത്.
വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാത്ത ഭാഗത്താണ് ചാണകക്കുഴി. ഇതിന് നാല് അറകളുണ്ട്. അന്തേവാസികളിൽ ചിലരെയും തൊഴിലാളികളെയും ഉപയോഗിച്ച് ചാണകം വാരിമാറ്റി പരിശോധിക്കുകയായിരുന്നു.
ഏഴ് ഏക്കറിലെ അനാഥാലയം 20 വർഷം മുൻപാണ് സ്നേഹധാര എന്നപേരിൽ പ്രവർത്തനമാരംഭിച്ചത്. സെക്രട്ടറി പി.എസ് എബ്രാഹാമും കുടുംബാംഗങ്ങളുമുൾപ്പെടെ 15 പേരാണ് ട്രസ്റ്റിലുളളത്.
മാനസിക വൈകല്യമുളളവരെയാണ് ഇവിടെ പ്രധാനമായും പാർപ്പിച്ചിരുന്നത്. ഇവർക്കുവേണ്ട മരുന്നും കൗൺസലിംഗും നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അനാഥാലയത്തിന്റെ നടത്തിപ്പിൽ അസ്വാഭാവികത ആരോപിച്ച് മുൻപും പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 9ന് മനുഷ്യാവകാശ കമ്മിഷൻ പി. മോഹനദാസ് അനാഥാലയം സന്ദർശിച്ച് സ്ത്രീകളെ മാറ്റിപാർപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി. ഇരുനൂറോളം അന്തേവാസികളെ ഇവിടെനിന്നു മാറ്റി പാർപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവിൽ 105 അന്തേവാസികളാണുളളത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ