തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിന് ഒന്നാം റാങ്കിന്റെ തിളക്കം
July 12, 2018, 5:56 am
കൊച്ചി: കേരളത്തിലെ ഏറ്റവും മികച്ച അർബൻ ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഒന്നാം റാങ്കോടെ തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് സ്വന്തമാക്കി. 60 ബാങ്കുകളിൽ നിന്നാണ് മികച്ച ബാങ്കായി തൃപ്പൂണിത്തുറ അർബൻ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഒരു നൂറ്റാണ്ട് മുമ്പ്, 1917ൽ ഏതാനും പേർ ചേർന്നാണ് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് തുടക്കമിട്ടത്. 1933ൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 50 സെന്റ് സ്ഥലം വാങ്ങി അതിലൊരു കെട്ടിടം പണിതു. അന്നത്തെ ഇളയ തമ്പുരാന്റെ പത്നി ലക്ഷ്‌മിക്കുട്ടി നേത്യാരമ്മയാണ് ഉദ്ഘാടനം നിർവഹിച്ചത്. മഹാത്‌മഗാന്ധി, ഡോ. രാജേന്ദ്രപ്രസാദ്, ജയപ്രകാശ് നാരായണൻ എന്നിവർ ഈ കെട്ടിടത്തിന് മുന്നിൽ ജനങ്ങളെ അഭിസംബോധന ചെയ്‌തിട്ടുണ്ട്. 1975ലാണ് ബാങ്ക് അർ‌ബൻ ബാങ്കായത്. 86,000 അംഗങ്ങളും 630 കോടി രൂപയുടെ നിക്ഷേപവും 390 കോടി രൂപയുടെ വായ്‌പയും മൂന്നരക്കോടി രൂപയുടെ ലാഭവും ഇന്ന് ഈ സ്‌പെഷ്യൽ ഗ്രേഡ് അർബൻ ബാങ്കിനുണ്ട്.
റിസർവ് ബാങ്കിന്റെ ഉന്നത റേറ്രിംഗുള്ള ബാങ്കിന് 21 ശാഖകളും 110 ജീവനക്കാരുമുണ്ട്. അംഗങ്ങൾക്ക് 15 ശതമാനം ലാഭവിഹിതവും നൽകുന്നു. കോർ ബാങ്കിംഗ്, എ.ടി.എം., എസ്.എം.എസ് ബാങ്കിംഗ്, എൻ.ഇ.എഫ്.ടി/ആർ.ടി.ജി.എസ് സേവനങ്ങളും ലഭ്യമാണ്. ഐ.എം.പി.എസ് സംവിധാനം വൈകാതെ ലഭ്യമാക്കും. തൃപ്പൂണിത്തുറ സിവിൽ സ്‌റ്രേഷന് മുന്നിലാണ് ഹെഡ് ഓഫീസ് മന്ദിരം. ബാങ്കിന്റെ ശതാബ്ദി മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
ലളിതമായ വ്യവസ്ഥകളിലൂടെ അതിവേഗം ലഭിക്കുന്ന 39ഓളം വായ്‌പാ പദ്ധതികൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നാല് ശതമാനം പലിശയോടെ 'വിദ്യാഗോൾഡ്' സ്വർണവായ്‌പാ പദ്ധതി എന്നിങ്ങനെ ആകർഷകമായ പദ്ധതികൾ ബാങ്കിനുണ്ട്. ആതുരസേവന രംഗത്ത് പുതിയ ചുവടുവയ്‌‌പ്പായി ആരക്കുന്നം ശാഖയുടെ സമീപത്തുള്ള എ.പി. വർക്കി മിഷൻ ഹോസ്‌പിറ്റലിൽ ഒരു ഡയാലിസിസ് യൂണിറ്റും ബാങ്ക് സംഭാവന നൽകിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ