മോദിയെ ഗിന്നസ് ബുക്കിലെടുക്കണമെന്ന് കോൺഗ്രസ്, ആവശ്യം കേട്ടവർ ഞെട്ടി
July 11, 2018, 7:17 pm
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഗോവൻ കോൺഗ്രസ് ഘടകം ഔദ്യോഗികമായി കത്തയച്ചതായി ഗോവൻ കോൺഗ്രസ് ഘടകം അറിയിച്ചു. ഏറ്റവും കൂടുതൽ വിദേശയാത്രകൾ നടത്തിയെന്ന റെക്കാഡിന് മോദി അർഹനാണെന്നും തങ്ങളുടെ അപേക്ഷ പരിഗണിക്കണമെന്നുമാണ് ആവശ്യം.

നരേന്ദ്ര മോദിയെ ലോക റെക്കാഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചതിൽ തങ്ങൾ സന്തോഷവാന്മാരാണെന്ന് ഗോവൻ കോൺഗ്രസ് ജനറൽ സെക്രട്ടറി സങ്കൽപ്പ് അമോൻകാർ അറിയിച്ചു. ഇന്ത്യയുടെ പൊതുമുതൽ ഉപയോഗിച്ച് നാല് വർഷത്തിനിടെ 52 രാജ്യങ്ങളിൽ 41 യാത്രകൾ നടത്താൻ അദ്ദേഹത്തിനായി. ഇക്കാലയളവിൽ അദ്ദേഹം 335 കോടി രൂപ തന്റെ യാത്രകൾക്കായി ഉപയോഗിച്ചെന്നത് അഭിമാനകരമാണെന്നും അദ്ദേഹം ബ്രിട്ടണിലെ ഗിന്നസ് വേൾഡ് റെക്കാഡ് അധികൃതർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

നരേന്ദ്ര മോദി ഇന്ത്യയിലെ വരുംതലമുറകൾക്ക് മാതൃകയാണ്. രാജ്യത്തെ ഒരൊറ്റ പ്രധാനമന്ത്രിയും തന്റെ ഭരണകാലയളവിൽ ഇത്രയും യാത്ര ചെയ്‌തിട്ടില്ല. തന്റെ കാലയളവിൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം 69.03ലേക്ക് താഴ്‌ത്തി ഏഷ്യയിലെ ഏറ്റവും മോശം കറൻസിയാക്കാനും മോദിക്ക് സാധിച്ചു. ഇത്തരം നല്ലകാര്യങ്ങൾ ചെയ്‌ത മോദിയെ ഗിന്നസ് റെക്കാഡിൽ ഉൾപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം തന്റെ കത്തിൽ കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ