ഒാർത്തഡോക്സ് സഭയിലെ പീഡനം: മൂന്ന് വൈദികർ അറസ്റ്റിലാകും
July 12, 2018, 2:43 am
കൊച്ചി : വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ മൂന്ന് ഒാർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നും രണ്ടും നാലും പ്രതികളായ ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്സ്. കെ. ജോർജ് എന്നിവരാണ് ഹർജി സമർപ്പിച്ചിരുന്നത്. ഇതോടെ മൂന്ന് പേരും അറസ്റ്റിലാകാൻ വഴി തെളിഞ്ഞു. മൂന്നാം പ്രതി ഫാ. ജോൺസൺ. വി. മാത്യുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പിന്നീട് വിധി പറയും.

പ്രതികൾ വൈദികരാണെന്ന കാരണത്താൽ യുവതിയുടെ രഹസ്യമൊഴി കളവാണെന്ന് ഇൗ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും വേട്ടമൃഗങ്ങളെപ്പോലെയാണ് ഇവർ പെരുമാറിയതെന്നും ഹൈക്കോടതി വിലയിരുത്തി. യുവതിയുടെ സാഹചര്യങ്ങൾ വൈദികർ മുതലെടുത്തെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. മുൻകൂർ ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ. യുവതിയെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പീഡിപ്പിച്ചതെന്നും സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന പ്രതികളുടെ വാദം ശരിയല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾ നിയമത്തിനു മുന്നിൽ നിന്ന് ഒളിച്ചോടാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യ ഹർജികൾ തള്ളിയത്.

കോടതിയിൽ കീഴടങ്ങാൻ അവസരം നൽകണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. പ്രത്യേക നിർദേശം ആവശ്യമില്ലെന്നും പ്രതികൾക്ക് കോടതിയിൽ കീഴടങ്ങി ജാമ്യത്തിന് അപേക്ഷിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. വൈദികർ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതിയും ഭർത്താവും ആദ്യം ബിഷപ്പിന് പരാതി നൽകിയിരുന്നു. പിന്നീട് ഡി.ജി.പിക്ക് വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി തിരുവനന്തപുരം ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു. യുവതിയുടെ രഹസ്യ മൊഴിയും കേസ് ഡയറിയും കോടതി പരിശോധിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ