രാമൻ മറ്റൊരു തൊഗാഡിയ ആയപ്പോഴാണ് മഹാഭാരത്തിന്റെ മാറ്റ് കുറഞ്ഞത്: ശാരദക്കുട്ടി
July 12, 2018, 10:45 am
തിരുവനന്തപുരം: ആർ.എസ്.എസിനെ പ്രതിരോധിക്കാൻ സി.പി.എം കർക്കടക മാസത്തിൽ രാമായണ പാരായണം നടത്തുന്നുവെന്ന വിവാദം ശക്തമായിരിക്കെ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി എഴുത്തുകാരി ശാരദക്കുട്ടി. വ്യത്യസ്‌തമായി രാമായണ വായനകളും വ്യാഖ്യാനങ്ങളും ഇനിയും ഉണ്ടാകണം. ആദികവി മേയാതെ വിട്ട ഒരുപാടിടങ്ങൾ മഹാഭാരത്തിൽ ഇനിയും അവശേഷിക്കുന്നുണ്ട്. പുതിയ ഒരു കാവ്യാനുശീലന സംസ്‌കാരത്തിലേക്ക് രാമായണത്തിന് ശാപമോക്ഷം കിട്ടുമെങ്കിൽ സന്തോഷമേയുള്ളൂ- അവർ വ്യക്തമാക്കി.

''പാരായണ സാദ്ധ്യതകൾ കൊണ്ട് രാമായണം അമ്പരിപ്പിച്ചിട്ടേയുള്ളു. അതിന്റെ മാറ്റു കുറഞ്ഞത്, പ്രതീകാർത്ഥങ്ങൾ മനസിലാകാത്ത, കാവ്യബോധമില്ലാത്ത മതാന്ധർ അതെടുത്ത് അരാഷട്രീയ ദുർവ്യാഖ്യാനങ്ങൾ ചമച്ചു തുടങ്ങിയപ്പോഴാണ്. രാമൻ മറ്റൊരു തൊഗാഡിയ ആയപ്പോഴാണ്''- ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മനുഷ്യനെ ഹിന്ദുവാക്കാൻ വേണ്ടിയായിരുന്നില്ല കുട്ടിക്കാലത്ത് വിളക്കത്ത് രാമായണം വായിപ്പിച്ചിരുന്നത്. കവിയാക്കാനായിരുന്നു. വന്ദേ വാല്മീകി കോകിലം എന്ന് കവിയെയാണ് പ്രാർത്ഥിച്ചത്. കാവ്യാനുശീലന മാസമായിരുന്നു കർക്കിടക മാസം. ഭാരതീ പദാവലി തോന്നേണം കാലേ കാലേ എന്നതായിരുന്നു ഏറ്റവും വലിയ പ്രാർത്ഥന. വാക്കിന് മുട്ടുണ്ടാകരുത്.

രാമായണത്തിന്റെ വ്യത്യസ്‌ത വിമർശനാത്മക വായനകൾ പിന്നീട് വന്നു. ആശാന്റെ ചിന്താവിഷ്‌ടയായ സീതയും കുട്ടിക്കൃഷ്‌ണമാരാരുടെ വാൽമീകിയുടെ രാമനും സുകുമാർ അഴീക്കോടിന്റെ ആശാന്റെ സീതാകാവ്യവും സി.എൻ. ശ്രീകണ്ഠൻ നായരുടെ നാടകത്രയവും സാറാ ജോസഫിന്റെ തായ് കുലവും അശോകയും ഊരുകാവലും വിജയലക്ഷ്മിയുടെ കൗസല്യയും മറ്റു പല കവിതകളും. ഇതൊന്നും രാമായണത്തിന്റെ മാറ്റു കുറച്ചില്ല. അതിനു സാദ്ധ്യമായ രാഷ്ട്രീയ വായനകൾ നിരവധിയായിരുന്നു. അതിന്റെ പാരായണ സാദ്ധ്യതകൾ കൊണ്ട് രാമായണം അമ്പരപ്പിച്ചിട്ടേയുള്ളു.

അതിന്റെ മാറ്റു കുറഞ്ഞത്, പ്രതീകാർത്ഥങ്ങൾ മനസിലാകാത്ത, കാവ്യബോധമില്ലാത്ത മതാന്ധർ അതെടുത്ത് അരാഷട്രീയ ദുർവ്യാഖ്യാനങ്ങൾ ചമച്ചു തുടങ്ങിയപ്പോഴാണ്. രാമൻ മറ്റൊരു തൊഗാഡിയ ആയപ്പോഴാണ്. വ്യത്യസ്‌ത‌മായ രാമായണ വായനകൾ വരട്ടെ. വ്യാഖ്യാനങ്ങളുണ്ടാകട്ടെ. പ്രഭാഷണങ്ങളുണ്ടാകട്ടെ. ആദികവി മേയാതെ വിട്ട ഒരുപാടിടങ്ങൾ ഇനിയും ശേഷിക്കുന്നുണ്ട് രാമായണത്തിൽ. മതകീയാന്ധ്യങ്ങളിൽ നിന്ന് രാമായണം മുക്തമാകട്ടെ. പുതിയ ഒരു കാവ്യാനുശീലന സംസ്‌കാരത്തിലേക്ക് രാമായണത്തിന് ശാപമോക്ഷം കിട്ടുമെങ്കിൽ സന്തോഷമേയുള്ളു. അതാകട്ടെ ആത്യന്തിക ലക്ഷ്യം. കുട്ടികളെ കോമാളി വേഷം കെട്ടിക്കുന്ന ശോഭായാത്രക്ക് വികലാനുകരണമൊരുക്കിയതു പോലെ ഒരു വൈകൃതം ആകാതിരിക്കട്ടെ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ