പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉമ്മൻചാണ്ടിയോ?
July 12, 2018, 12:06 pm
വി.ജയകുമാർ
കോട്ടയം: ലോക് സഭ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കോൺഗ്രസാണോ കേരള കോൺഗ്രസ് മാണി ഗ്രൂപ്പാണോ മത്സരിക്കുക എന്നതിനെച്ചൊല്ലി ചർച്ചകൾ സജീവം. ഇരുകക്ഷികളും മണ്ഡലം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരുക്കം തുടങ്ങി. മാണി ഗ്രൂപ്പിന്റെ മടങ്ങി വരവിനെ തുടർന്ന് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയിരുന്നു. അതിനാൽ, ലോക്സഭയിൽ കോട്ടയത്ത് കോൺഗ്രസ് മത്സരിക്കുമെന്നും പകരം ഇടുക്കി മാണി ഗ്രൂപ്പിന് നൽകുമെന്നുമാണ് പ്രചാരണം. കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടി യു.പി.എ അധികാരത്തിലെത്തിയാൽ കേന്ദ്ര മന്ത്രിയാകുമെന്നും പ്രചാരണമുണ്ട്. എന്നാൽ, കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ലെന്നും തങ്ങളുടെ സ്ഥാനാർത്ഥി മത്സരിക്കുമെന്നുമാണ് മാണി ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം മാണിഗ്രൂപ്പ് ജില്ലാ നേതൃയോഗം ചേർന്ന് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ജോസ് കെ.മാണി എം.പിയുടെ നേരിട്ടുള്ള ചുമതലയിലായിരിക്കും കമ്മിറ്റിയുടെ പ്രവർത്തനം.

പാർട്ടി ചെയർമാൻ കെ.എം.മാണിയും സംസ്ഥാന ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു. ബൂത്ത് കമ്മിറ്റി രൂപീകരണം, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ നടപടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടന്നിട്ടുള്ള വികസന പദ്ധതികളുടെ പ്രചാരണം ജനങ്ങളിൽ എത്തിക്കുന്നതിനായി പാർലമെന്റ്, അസംബ്ലി മണ്ഡലം അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. 28 ന് ജില്ലാ നേതൃയോഗവും ആഗസ്റ്റ് 16 ന് ജില്ലാ ക്യാമ്പും സംഘടിപ്പിക്കും. അതേസമയം, കോൺഗ്രസും കോട്ടയം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി. ബൂത്തുതലം വരെയുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന ഡി.സി.സി സ്‌പെഷ്യൽ കൺവെൻഷൻ 14ന് നടത്തും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളും സഹകരണബാങ്ക് പ്രതിനിധികളെയും ക്ഷണിതാക്കളായി വിളിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിക്കായി സീറ്റ് ആവശ്യപ്പെട്ടാൽ ഇടുക്കി സീറ്രുമായി വച്ചുമാറാൻ കെ.എം.മാണി തയ്യാറാകുമെന്നാണ് അറിയുന്നത്. ജോസഫ് വിഭാഗവുമായുള്ള ധാരണ അനുസരിച്ച് ഇടുക്കി സീറ്റിൽ പി.ജെ. ജോസഫിന്റെ മകൻ മത്സരിക്കുമെന്നും കോട്ടയമെങ്കിൽ മോൻസ് ജോസഫായിരിക്കുമെന്നും ജോസഫ് വിഭാഗം പ്രചരിപ്പിക്കുന്നു. എന്നാൽ ജോസ് കെ. മാണിക്കുപകരം ലോക് സഭ സ്ഥാനാർത്ഥിയാകാൻ നിരവധി മാണിഗ്രൂപ്പ് നേതാക്കൾ കുപ്പായം തുന്നി കാത്തിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ