വലിയ കണ്ടുപിടിത്തങ്ങളുമായി മാന്നാറിന്റെ ബോംബെ മേസ്തരി
July 12, 2018, 12:38 pm
'വലിയ' കണ്ടുപിടിത്തങ്ങളുമായി മാന്നാറിന്റെ 'ബോംബെ മേസ്തരി
മാന്നാർ : തന്റെ കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളുമായി മറുനാട്ടുകാർക്ക് മുന്നിലും താരമാവുകയാണ് മാന്നാറുകാരുടെ സ്വന്തം 'ബോംബെ മേസ്തരി '. മാന്നാറിൽ ഭാർഗവീ സദനമെന്ന വീടിനോട് ചേർന്നാണ് ബോബെ മേസ്തരിയെന്ന മോഹനകൃഷ്ണന്റെ വർക്ക്ഷോപ്പും പരീക്ഷണശാലയുമൊക്കെ.
സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക മുറിച്ച് കുരു കളഞ്ഞെടുക്കുന്നതിന്റെ ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. ഇത് ലഘൂകരിക്കുന്നതിനുള്ള മെഷീൻ മോഹനകൃഷ്ണൻ കണ്ടുപിടിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ നേരത്തിനുള്ളിൽ യന്ത്രം ചക്ക മുറിച്ച് കുരു കളഞ്ഞ് തരും.
ഇത്തരം യന്ത്രങ്ങളിൽ മൂന്നെണ്ണം മറ്റ് ജില്ലകളിലെ സ്ഥാപനങ്ങൾ വാങ്ങിക്കൊണ്ടുപോയി. ആവശ്യക്കാരെ കാത്ത് ഇനിയും യന്ത്രങ്ങൾ മോഹനകൃഷ്ണന്റെ പണിശാലയിലുണ്ട്.
കുറഞ്ഞ ചിലവിൽ വെള്ളം ശുദ്ധികരിക്കുന്ന സംവിധാനം, മാന്ത്രികപ്പൂട്ട് ,വീട്ടിൽ ആളില്ലാത്തപ്പോൾ ഗേറ്റിലെത്തുന്നവരുടെ മുന്നിൽ തെളിയുന്ന ബോർഡ്, ചൂട് കാലത്ത് വിടിന്റെ മുകളിൽവെള്ളം തളിക്കുന്ന മെഷീൻ, കിടക്ക മുറിയിൽ ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സി.സി ടിവി കാമറകൾ തുടങ്ങി മോഹനകൃഷ്ണൻ തന്റെ പണിശാലയിൽ തയ്യാറാക്കിയെടുത്തവ നിരവധിയാണ്.
പത്താം ക്ളാസ് പഠനത്തിനു ശേഷം മുംബയിലേക്ക് ജോലി അന്വേഷിച്ചുപോയ മോഹനകൃഷ്ണൻ ആദ്യം വാഹനങ്ങൾ കഴുകുന്ന ജോലിയാണ് ചെയ്തത്. അന്ന് ഫുട്പാത്തിലായിരുന്നു ഉറക്കം. മൂന്നു വർഷത്തിനു ശേഷം മോട്ടോർ വർക്ക് ഷോപ്പ് തുടങ്ങി. പിന്നീട് നാട്ടിലെത്തി പലേടങ്ങളിൽ വർക്ക്ഷോപ്പ് നടത്തിയ ശേഷമാണ് ഇപ്പോൾ വീടിനോട് ചേർന്നുള്ള ടു വീലർ വർക്ക്ഷോപ്പ് തുടങ്ങിയത്. അതോടെ ബോംബെ മേസ്തിരി എന്ന വിളിപ്പേരും തേടിയെത്തി.
64കാരനായ മോഹനകൃഷ്ണൻ എഴുത്തിലും ഒരു കൈ നോക്കയിട്ടുണ്ട്. 'മൗനനൊമ്പരം' എന്ന നോവൽ രണ്ട് വർഷം മുമ്പ് പ്രസിദ്ധീകരിച്ചു. പുതിയ നോവലിന്റെ പണിപ്പുരയിലാണ്. മോഹനകൃഷ്ണന് എല്ലാ പിന്തുണയുമായി ഭാര്യ ശ്യാമളാഭായി ഒപ്പമുണ്ട്. മൂത്ത മകൻ ശ്യാം കിഷൻ വർക്ക്ഷോപ്പിൽ ഒപ്പം ജോലി നോക്കുന്നു.ഇളയ മകൻ ശരത് കിഷൻ പട്ടാളത്തിലാണ്. മകൾ : ശാലിനി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ