377ആം വകുപ്പ് ഇല്ലാതായാൽ സ്വവർഗാനുരാഗികളുടെ കളങ്കവും ഇല്ലാതാകും: സുപ്രീം കോടതി
July 12, 2018, 3:17 pm
ന്യൂഡൽഹി: സ്വവർഗാനുരാഗികളെ കുറിച്ച് സമൂഹത്തിന് തെറ്റിദ്ധാരണയുണ്ടെന്നും അത് മാറേണ്ടതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സ്വവർഗാനുരാഗം കുറ്റകരമാക്കുന്ന ഭരണഘടനയിലെ 377ആം വകുപ്പ് ഇല്ലാതായാൽ ഈ തെറ്റിദ്ധാരണ മാറുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന 377ആം വകുപ്പിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കുന്പോഴായിരുന്നു കോടതിയുടെ ഈ പരാമർശം.

എൽ.ജി.ബി.ടി വിഭാഗത്തെ മുഖ്യധാരയിൽ നിന്ന് മാറ്റി നിറുത്തുന്ന രീതി വർഷങ്ങളായി ഇന്ത്യയിൽ തുടർന്നു വരികയാണ്. ഇത് സ്വവർഗാനുരാഗികളോടുള്ള ഈ വേർതിരിവിന് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ടാകാൻ ഇത് കാരണമായി. ഈ വിവേചനം കാരണം സ്വവർഗാനുരാഗികൾ അനുഭവിക്കുന്ന മാനസിക വിഷമം ചെറുതൊന്നുമല്ല. ഇത്തരം വിവേചനങ്ങൾ അവരുടെ മാനസികാരോഗ്യത്തെ പോലും ബാധിച്ചിട്ടുണ്ട് - അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കും പുരുഷനും ലഭിക്കുന്ന അവകാശങ്ങൾ സ്വവർഗാനുരാഗികൾക്ക് നൽകാതിരിക്കുന്നതിനുള്ള നിയമമോ,​ ചട്ടമോ,​ മാർഗനിർദ്ദേശങ്ങളോ ഉണ്ടോയെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ മനേകാ ഗുരുസ്വാമിയോട് കോടതി ചോദിച്ചു. എന്നാൽ,​ അങ്ങനെയൊന്നും ഇല്ലെന്ന് അവർ മറുപടി നൽകി.

ഉഭയസമ്മതത്തോടെയുള്ള ലൈംഗികത കുറ്റകരമാക്കിയതിനാൽ തന്നെ എൽ.ജി.ബി.ടി സമൂഹം കളങ്കിതരായി മുദ്ര കുത്തപ്പെടുകയാണ്. അതിനാൽ തന്നെ ഈ വകുപ്പ് ഇല്ലാതായാൽ ഈ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

സ്വവർഗരതി നിയമവിധേയമാക്കണമെന്ന ഹർജികളെ കേന്ദ്ര സർക്കാർ എതിർക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്തിരുന്നില്ല. തീരുമാനം സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ എം.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഢ്, ആർ.എഫ്. നരിമാൻ, ഇന്ദുമൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ