തരൂരിന്റെ 'ഹിന്ദു പാകിസ്ഥാൻ' പരാമർശം കത്തുന്നു, നിയന്ത്രണം വേണമെന്ന് കോൺഗ്രസ്
July 12, 2018, 3:41 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂർ നടത്തിയ 'ഹിന്ദു പാകിസ്ഥാൻ' പരാമർശം പുതിയ വിവാദത്തിന് വഴിതുറന്നു. തരൂരിനോട് നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചു. എന്നാൽ തന്റെ നിലപാട് ആവർത്തിച്ച് തരൂർ ഫേസ്ബുക്കിൽ പോസ്റ്റിടുക കൂടി ചെയ്തതോടെ വിവാദം മറ്റൊരു തലത്തിലേക്ക് എത്തി.

ഇന്നലെ തിരുവനന്തപുരത്ത് ജവഹർലാൽ നെഹ്റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങിൽ 'ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തിയപ്പോഴായിരുന്നു തരൂർ വിവാദ പരാമർശം നടത്തിയത്.

മോദി ഭരണത്തിൽ പശുക്കൾ മനുഷ്യരെക്കാൾ സുരക്ഷിതരാണ്. കൈയിലുള്ള പൊതി ഗോമാംസമാണെന്ന് സംശയിക്കപ്പെട്ടാൽ പോലും ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണ്. ഇതേസർക്കാർ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചാൽ ഇന്ത്യ 'ഹിന്ദു പാകിസ്ഥാനാ'യി മാറും. ഇന്ത്യൻ ഭരണഘടന പരിപാവനമെന്ന് ആവർത്തിക്കുമ്പോഴും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും അതംഗീകരിക്കുന്നില്ല. എല്ലാ മതങ്ങളേയും സംരക്ഷിക്കാനുള്ള ചുമതല രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.ഇന്ത്യയിൽ ഫാസിസമില്ലെന്ന ഇടത് നേതാക്കളുടെ നിലപാട് അപക്വമാണ്.അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് രാജ്യത്ത്. ഭരണഘടനാനുസൃതമായ എല്ലാ സംവിധാനങ്ങളും തകർക്കുകയാണ്. രാജ്യസഭയിൽകൂടി ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടനയും തിരുത്തും. അതോടെ മതേതരത്വം ഇല്ലാതാവും - ഇതായിരുന്നു തരൂരിന്റെ പ്രസ്താവന.

തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായാണ് ബി.ജെ.പി പ്രതികരിച്ചത്. തരൂർ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഫേസ്ബുക്കിലൂടെ തരൂർ തന്റെ നിലപാട് ആവർത്തിച്ചു. ഹിന്ദു തത്വങ്ങളിൽ അധിഷ്ഠിതമായ രാജ്യനിർമാണത്തിന് ബി.ജെ.പി തന്നെ പ്രോത്സാഹനം നൽകുമ്പോൾ താൻ മാപ്പു പറയേണ്ടതില്ല. ഇത് 2013ലും താൻ പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ശക്തമായ മതത്തിന്റെ അടിത്തറയിൽ നിർമിക്കപ്പെട്ട പാകിസ്ഥാൻ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുരാഷ്ട്ര സങ്കൽപം പാകിസ്ഥാന്റെ തനിപ്പകർപ്പാണ്. മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമായി അത് മാറും. അതിനെ ഹിന്ദു പാകിസ്ഥാൻ എന്ന് വിളിക്കേണ്ടി വരും. ഭരണഘടനയിൽ പവിത്രമായി സൂക്ഷിക്കുന്ന ഇന്ത്യയെന്ന സങ്കൽപം അതല്ല. പാകിസ്ഥാന്റെ ഹിന്ദു പതിപ്പായി മാറാൻ ഇന്ത്യയെ അനുവദിക്കരുത്- തരൂർ പോസ്റ്റിൽ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ