കുൽദീപിന് ആറ് വിക്കറ്റ്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് 269 റൺസ് വിജയലക്ഷ്യം
July 12, 2018, 8:42 pm
നോട്ടിംഗ്ഹാം : കുൽദീപ് യാദവിന്റെ മാസ്‌മരിക ബൗളിംഗ് മികവിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് 269 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ടീംഒരു പന്ത് ബാക്കിയിരിക്കെ ആൾഔട്ടായി. 51 പന്തിൽ 53 റൺസെടുത്ത വിക്കറ്റ് കീപ്പർ ജോസ് ബട്ലറും 103 പന്തിൽ 50 റൺസെടുത്ത ബെൻ സ്‌റ്റോക്‌സ് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. 10 ഓവറിൽ 25 റൺസ് മാത്രം വിട്ടുനൽകി ആറ് വിക്കറ്റുകളെടുത്ത കുൽദീപ് യാദവാണ് ഇംഗ്ലണ്ട് ടീമിന്റെ നട്ടെല്ലൊടിച്ചത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഉമേഷ് യാദവ് രണ്ടും സിദ്ധാർത്ഥ് കൗൾ ഒരു വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ്യ പത്ത് ഓവറുകൾ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ചാട്ടുളിയുമായി കുൽദീപ് എത്തുന്നത്. 38 റൺസെടുത്ത ജെയ്സൻ റോയിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്.പിന്നീട് തുടരെത്തുടരെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. എന്നാൽ വാലറ്റത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ മോയിൻ അലി (23 പന്തിൽ 24), ആദിൽ റഷീദ് (16 പന്തിൽ 22 റൺസ്) എന്നിവരാണ് ഇംഗ്ലണ്ട് സ്കോർ 250 കടത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ