മാനസിക നില തെറ്റിയ തരൂരിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കണമെന്ന് സ്വാമി
July 12, 2018, 7:05 pm
ന്യൂഡൽഹി: ഇന്ത്യയെ ബി.ജെ.പി 'ഹിന്ദു പാകിസ്ഥാനാ'ക്കുമെന്ന ശശി തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എം.പി രംഗത്തെത്തി. മാനസിക നില തെറ്റിയ ശശി തരൂരിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കണമെന്നും ഒരിക്കലും യഥാർത്ഥ ഹിന്ദുവിന് ഏകാധിപതിയാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം തരൂർ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. 2019ൽ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ഇന്ത്യയെ ബി.ജെ.പി ഹിന്ദു പാകിസ്ഥാനാക്കുമെന്നും രാജ്യത്തിന്റെ പവിത്രമായ ഭരണഘടനയെ കീറിയെറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസിൽ നിന്നടക്കം ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

ഹിന്ദു പാകിസ്ഥാൻ എന്ന തരൂരിന്റെ പരാമർശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. അടുത്തിടെയാണ് താൻ എന്തുകൊണ്ട് ഹിന്ദുവായെന്ന പുസ്‌തകം അദ്ദേഹം എഴുതിയത്. ഈ വിഷയത്തിൽ ഗഹനമായ വിശദീകരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മുസ്‌ലിം സമുദായം തങ്ങൾക്കൊപ്പമില്ലെന്ന ചിന്തയാണ് അദ്ദേഹത്തെ ഇങ്ങനെ പറയിച്ചത്. ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തരൂരിന് പാകിസ്ഥാനിൽ നിന്നും കാമുകിമാരെ ഉണ്ടാക്കാമെങ്കിൽ അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് പോകാനും മടികാണില്ല. സുനന്ദ പുഷ്‌ക്കർ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം തരൂരിന്റെ മാനസിക നില തകരാറിലായെന്ന് വേണം കരുതാൻ. രാജ്യത്തിന്റെ യശസ് ഉയർത്താനായി ലോകരാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുമ്പോൾ ഹിന്ദു പാകിസ്ഥാനെന്ന വിവാദ പരാമർശം തിരിച്ചടിയാകും. നമ്മുടെ രാജ്യത്തിന് ഈ പരാമർശം നാണക്കേടുണ്ടാക്കുകയും ചെയ്യും. എന്നാൽ തരൂരിന്റെ പരാമർശങ്ങൾ പാർട്ടിയുടെ നിലപാടല്ലെന്നാണ് ഇപ്പോൾ കോൺഗ്രസ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ