ഒറ്റനോട്ടത്തിൽ: ശശി തരൂർ, ജലന്ധർ ബിഷപ്പ്, ഗവാസ്‌കർ, ഹൈക്കോടതി
July 12, 2018, 8:03 pm

1. ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പരാമർശത്തിൽ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം. എല്ലാ നേതാക്കളും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. കോൺഗ്രസ് നേതാക്കളിൽ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബി.ജെ.പിയെ വിമർശിക്കുമ്പോൾ മനസിലാക്കണം എന്നും സുർജേവാലയുടെ ട്വീറ്റ്. എന്നാൽ വിവാദ പരാമർശത്തിൽ മാപ്പ് പറയണം എന്ന ആവശ്യം ശശി തരൂർ തള്ളി.

2. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ തരൂർ പറഞ്ഞത്, 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ആവർത്തിച്ചാൽ അവർ ഇന്ത്യയെ ഹിന്ദു പാകിസ്ഥാൻ ആക്കുമെന്ന്. തരൂരിന്റെ പ്രസ്താവനയ്ക്ക് എതിരെ ബി.ജെ.പി നേതൃത്വം രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണം എന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

3. പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മുറുകുന്നതിനിടെ, ബിഷപ്പിന്റെ പെരുമാറ്റ ദൂഷ്യം മൂലം 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ചു എന്നതിൽ തെളിവ് ലഭിച്ചിട്ടില്ല എന്ന് വൈക്കം ഡിവൈ.എസ്.പി. ബിഷപ്പ് 4 തവണ കണ്ണൂരിലെ മഠത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ മഠത്തിൽ താമസിച്ചതായി തെളിവുകൾ ഇല്ല. ഈ കാലയളവിൽ മഠത്തിൽ താമസിച്ച കന്യാസ്ത്രീകളുടെ മൊഴി എടുക്കും എന്നും അന്വേഷണസംഘം.

4. അതിനിടെ, പീഡന പരാതിയിൽ ബിഷപ്പിനെ സംരക്ഷിച്ച് സന്യാസിനി സമൂഹം. ബിഷപ്പിന് എതിരെ നടപടി എടുക്കാൻ ആകില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിക്ക് അയച്ച കത്തിൽ മദർ സുപ്പീരിയറിന്റെ മറുപടി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധീനതയിലാണ് മഠം. സന്യാസിനി മഠത്തിന്റെ നിലനിൽപ്പിന് ബിഷപ്പിന്റെ പിന്തുണ അനിവാര്യം എന്നും മദർ സുപ്പീരിയർ. കന്യാസ്ത്രീയുടെ സഹോദരി മദർ സുപ്പീരിയറിന് കത്തയച്ചത്, പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട്.

5. അതേസമയം, കന്യാസ്ത്രീയെ ബിഷപ്പ് സ്വഭാവഹത്യ ചെയ്തിരുന്നതായി രൂപതയിലെ മറ്റൊരു വൈദികന്റെ വെളിപ്പെടുത്തൽ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകും എന്നും സൂചന. പൊലീസിന്റെ നീക്കം ബിഷപ്പിന് എതിരെ പഴുതടച്ച തെളിവ് ശേഖരണത്തിന് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്താൻ. അതിനിടെ, ബിഷപ്പ് രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കി മുൻകരുതൽ. നടപടി, ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കുമെന്ന സൂചനയെ തുടർന്ന്.

6. പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദ്ദിച്ച കേസിൽ എ.ഡി.ജി.പിയുടെ മകൾക്ക് തിരിച്ചടി. കേസ് റദ്ദാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഹൈക്കോടതി. അന്വേഷണവുമായി എ.ഡി.ജി.പിയുടെ മകൾ സഹകരിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഇല്ലെന്നും പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും കോടതി. കേസ് ഡയറിയും മെഡിക്കൽ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. അതിനിടെ, എ.ഡി.ജി.പിയുടെ മകളുടെ ഹർജി ഗവാസ്‌കറുടെ ഹർജിക്ക് ഒപ്പം കേൾക്കാനായി ഏത് ബെഞ്ച് വേണമെന്ന് തീരുമാനം എടുക്കാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണയ്ക്ക് വിട്ടു.

7. കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കൊല്ലത്തെ ബന്ധുവീട്ടിൽ നിന്ന് അന്വേഷണസംഘം അറസ്റ്റു ചെയ്തത്, രണ്ടാം പ്രതി ഫാദർ ജോബ് മാത്യുവിനെ. കുമ്പസാര രഹസ്യം ചോർത്തി യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയത് ജോബ് മാത്യു ആണ്. പിന്നീട് ഈ വിവരം മറ്റ് വൈദികരെ അറിയിക്കുക ആയിരുന്നു. ചോദ്യം ചെയ്യാനായി പ്രതിയെ കമ്മിഷണർ ഓഫീസിലേക്ക് മാറ്റി.

8. കേസിലെ ഒന്നാം പ്രതി സോണി വർഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോർജ് എന്നിവർ കീഴടങ്ങില്ലെന്ന് അഭിഭാഷകൻ. വിശദീകരണം, രണ്ടാം പ്രതിയായ ജോബ് മാത്യുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് വൈദികർ സുപ്രീകോടതിയെ സമീപിക്കും എന്നും വിവരം. ഇവർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. വൈദികൻ അന്വേഷണസംഘത്തിന് മുൻപാകെ കീഴടങ്ങിയത്, ഇതിനു പിന്നാലെ.

9. തെളിവെടുപ്പ് ഏതാണ്ട് പൂർത്തിയായ കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. പ്രതികളായ ഓർത്തോഡോക്‌സ് സഭാവൈദികർക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. അറസ്റ്റിലായ വൈദികനെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും എന്ന് അന്വേഷണസംഘം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ