കന്യാസ്ത്രീയ്‌ക്കെതിരെ ജലന്ധർ ബിഷപ്പിന്റെ പരാതി, സ്വീകരിക്കില്ലെന്ന് ഡി.ജി.പി
July 12, 2018, 8:40 pm
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ഏകപക്ഷീയമായ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ പ്രതിനിധി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പരാതി നൽകാനെത്തി. എന്നാൽ ഇക്കാര്യത്തിലെ പരാതി തനിക്കല്ല കോട്ടയം എസ്.പിക്കാണ് കൈമാറേണ്ടതെന്ന് കാട്ടി ഡി.ജി.പി അദ്ദേഹത്തെ മടക്കി അയച്ചെന്നാണ് വിവരം. പരാതി നൽകിയ കന്യാസ്ത്രീയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിഷപ്പിന്റെ പ്രതിനിധി ഫാ.പീറ്റർ ഡി.ജി.പിയെ കാണാനെത്തിയതെന്നും വിവരമുണ്ട്. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഡി.ജി.പിക്ക് പരാതി നൽകാൻ ശ്രമിക്കുന്നതെന്നാണ് സൂചന.

ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ കന്യാസ്ത്രീ ഉറച്ചുനിന്നതിനെ തുടർന്ന് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയാണ്. അതേസമയം, ബിഷപ്പിന്റെ സ്വഭാവദൂഷ്യം കാരണം 18 പേർ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ച് പോയെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഇവരിൽ ചിലരെയെങ്കിലും കണ്ടെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും. അതിനിടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചന പുറത്തുവന്നതിനെ തുടർന്ന് പൊലീസ് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് നൽകി. ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിനും കത്തയച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ