ദുരാത്മാക്കളുടെ സാന്നിധ്യമോ, ബുരാരിയിൽ ജനങ്ങൾ വീടൊഴിയുന്നു
July 12, 2018, 9:01 pm
ന്യൂഡൽഹി: ദുരൂഹ സാഹര്യത്തിൽ ഒരു കുടുംബത്തിലെ 11 പേർ ആത്മഹത്യ ചെയ്‌ത ഡൽഹിയിലെ ബുരാരിയിൽ നിന്നും പ്രദേശവാസികൾ വീടൊഴിഞ്ഞു പോകുന്നതായി റിപ്പോർട്ടുകൾ. മരിച്ച 11 പേരുടെയും ആത്മാക്കൾ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന പ്രചരണമാണ് നാട്ടുകാരെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതെന്നാണ് സൂചന. പ്രദേശത്തെ വീടുകളും അപ്പാർട്ടുമെന്റുകളും വാങ്ങാനെത്തുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞതായി വാർത്തകളുണ്ട്.

പ്രദേശത്തേക്ക് ടാക്‌സി വിളിച്ചാൽ പോലും വരാൻ ഡ്രൈവർമാർ മടിക്കുകയാണത്രേ. കഴിഞ്ഞ 10 വർഷത്തിനിടെ ഭാട്ടിയ ഹൗസിനും സമീപ പ്രദേശങ്ങളിലുമുള്ള സ്ഥലങ്ങൾക്ക് 50 മുതൽ 70 ശതമാനം വരെയാണ് വില കുതിച്ചുയർന്നത്. ചതുശ്ര അടിക്ക് 60000 രൂപയെന്ന നിലയിൽ വരെ ഉയർന്ന അവസ്ഥയുണ്ടായിരുന്നു. വളരെപ്പെട്ടന്ന് ആളുകൾക്ക് ഇവിടെ സ്ഥലം ലഭിക്കുക അസാധ്യമായിരുന്നു. എന്നാൽ ആത്മഹത്യ നടന്നതിന് പിന്നാലെ ഇവിടേക്ക് ആളുകൾ വരാതായി. വില കുറച്ചിട്ടും ആരും വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് പ്രദേശത്തെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ പറയുന്നു.

അതേസമയം സ്ഥലവില കുറയ്‌ക്കാൻ മറ്റ് ബ്രോക്കർമാർ നടത്തുന്ന പ്രചാരണമാണ് ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജൂൺ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൂർണമായശേഷം മന:ശാസ്ത്ര വിശകലനം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കാനാണ് പൊലീസ് നീക്കം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ